മനാമ: അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിനും കോൺഗ്രസിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ഇന്ത്യ ഇന്ന് കൈവരിച്ച സാമ്പത്തിക ഭദ്രതക്കുള്ള അടിത്തറ പാകിയത് അദ്ദേഹം ആയിരുന്നു. ധനകാര്യ മന്ത്രിയായും പ്രധാനമന്ത്രിയായും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിന് വേഗത കൂട്ടി.
പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യയെ അതിൽനിന്ന് പിടിച്ചുനിർത്തിയത് അദ്ദേഹം സ്വീകരിച്ച സാമ്പത്തിക നയങ്ങളായിരുന്നു. ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ലോകത്തിനുതന്നെ മാതൃക ആയിരുന്നു.
ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴും ലളിത ജീവിതം നയിച്ച വ്യക്തിത്വത്തിനു ഉടമ കൂടിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷ നിയമം, വിവരാവകാശ നിയമം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, 72000 കോടിയുടെ കാർഷിക കടം എഴുതിത്തള്ളിയതടക്കം അദ്ദേഹത്തിന്റെ കാലത്ത് നടപ്പാക്കിയ കാര്യങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഉണ്ടായ വിടവ് വളരെ വലുതാണെന്നും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.
മനാമ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനുമായിരുന്നു ഡോ. മൻമോഹൻ സിങ്. അദ്ദേഹത്തിന്റെ ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവും ജനഹൃദയങ്ങൾ കീഴടക്കി.
ആഗോളതലത്തിൽ അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനായ അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.