ജനബിയ്യ ഹൈവേ, അൽജസ്റ ജങ്ഷൻ നവീകരണത്തിന് തുടക്കമായി

മനാമ: ജനബിയ്യ ഹൈവേ, അൽജസ്റ ജങ്ഷൻ എന്നിവയുടെ നവീകരണത്തിന് തുടക്കമായതായി പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് വ്യക്തമാക്കി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച പദ്ധതികളുടെ ഭാഗമാണ് ഇരു പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. സൽമാൻ സിറ്റിയിലേക്കുള്ള പ്രവേശന കവാടമെന്ന നിലക്കാണ് ജനബിയ്യ റോഡ് നവീകരണം മൂന്നാം ഘട്ടം നടപ്പാക്കുന്നത്.

കൂടുതൽ വാഹനങ്ങൾ ഉൾക്കൊള്ളുന്നതിനും ചുറ്റുഭാഗത്തുമുള്ള ഗ്രാമപ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്തുന്നതിനും ഇതുപകരിക്കും. ബഹ്റൈനിലെ വലിയ പാർപ്പിടപദ്ധതികളിലൊന്നായ സൽമാൻ സിറ്റിയിലേക്കും അടുത്ത പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരസൗകര്യം മെച്ചപ്പെടുത്തുന്നതിന് തീരുമാനമെടുത്തിരുന്നു. സൽമാൻ സിറ്റിക്കടുത്തുള്ള രണ്ടു മുഖ്യ പ്രദേശങ്ങളായ ബുദയ്യ, ജനബിയ്യ വഴിയുള്ള ഗതാഗതം സുഗമമാക്കിയാൽ സൽമാൻ സിറ്റിയിലേക്ക് വേഗത്തിലെത്താൻ സാധിക്കും.

മുൻ വർഷങ്ങളിൽ വിവിധ തരത്തിലുള്ള നവീകരണപ്രവർത്തനങ്ങൾ ജനബിയ്യ റോഡിൽ നടത്തിയിട്ടുണ്ട്. വർഷംതോറും മൂന്നു ശതമാനം വീതം വാഹനഗതാഗതം ഇതുവഴി വർധിക്കുന്നതായും ദിനേന 54,600 വാഹനങ്ങൾ ഈ റോഡ് വഴി കടന്നുപോകുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. റോഡ് വികസനത്തിലൂടെ ആറു വരിയാക്കാനും മണിക്കൂറിൽ 10,500 വാഹനങ്ങൾ കടന്നുപോകുന്ന തരത്തിൽ ശേഷി വർധിപ്പിക്കാനും സാധിക്കും. നാലു കിലോമീറ്റർ നീളത്തിലായാണ് ആറുവരിയാക്കുന്നത്. നിലവിൽ നാലുവരിപ്പാതയാണ്. ഹാജി ഹസൻ കമ്പനിക്കാണ് നിർമാണച്ചുമതല.

അൽജസ്റ ജങ്ഷൻ നവീകരണമടക്കം ഇരു പദ്ധതികൾക്കുമായി മൊത്തം 12.020 ദശലക്ഷം ദീനാറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കുവൈത്ത് ഡെവലപ്മെന്‍റ് ഫണ്ടാണ് ഇതിനാവശ്യമായ പണം നൽകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Janabiya Highway, Aljazra Junction Renovation Commenced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.