മനാമ: ലോകോത്തര ബ്രാൻഡുകളുടെ വൻ ആഭരണശേഖരവുമായി ജ്വല്ലറി അറേബ്യ 2023 അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനത്തിന് ബഹ്റൈന്‍ എക്സിബിഷന് വേള്‍ഡില്‍ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പാടെക് ഫിലിപ്, വച്ചറോൺ കോൺസ്റ്റാന്റിൻ, ബ്രെഗേറ്റ്, ജെയ്ഗർ ലെ കോൾട്രെ, ഹബ്ലോട്ട്, ചോപാർഡ്, പിയാഗെറ്റ്, ഒമേഗ, ബ്ലഗാരി, ടിഫാനി, ഗ്രാഫ്, ഹാരി വിൻസ്റ്റൺ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെയും മറ്റ് പ്രമുഖ യൂറോപ്യൻ, അമേരിക്കൻ ജ്വല്ലറികളുടെയും വാച്ച് നിർമാതാക്കളുടെയും പ്രസ്റ്റീജ് കലക്ഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആധുനിക ഈജിപ്തിന്റെ സ്ഥാപകനായ മുഹമ്മദ് അലി പാഷയുടെ 107 വർഷം പഴക്കമുള്ള സ്വർണ, വജ്ര നെക്ലസ്, ഈജിപ്തിലെ അവസാന രാജാവായിരുന്ന ഫറൂഖ് ഒന്നാമൻ രാജാവിന്റെ മാതാവ് നസ്ലി രാജ്ഞി അണിഞ്ഞിരുന്ന ആഡംബര ആഭരണശേഖരം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളിൽനിന്നുള്ള ആഡംബര ആഭരണങ്ങൾ നിർമിക്കുകയും രൂപകൽപനയും ചെയ്യുന്ന 650 പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകൾ ജ്വല്ലറി അറേബ്യയുടെ 31ാം പതിപ്പിൽ പങ്കെടുക്കുന്നു. യുവ ജ്വല്ലറി ഡിസൈനർമാർക്ക് അവരുടെ ഓഫറുകൾ അവതരിപ്പിക്കാനുള്ള റൈസിങ് സ്റ്റാർസ്’ പവിലിയനും ഉണ്ട്. കഴിഞ്ഞ വർഷം 62,000-ലധികം സന്ദർശകരാണ് പങ്കെടുത്തത്. 65 ദശലക്ഷം ഡോളർ മൂല്യമുള്ള ആഭരണങ്ങളും വാച്ചുകളും കഴിഞ്ഞവർഷം വിറ്റു. ഉദ്ഘാടനച്ചടങ്ങില്‍ വിവിധ വകുപ്പുമന്ത്രിമാരും പാര്‍ലമെന്റ്, ശൂറാ കൗണ്‍സില്‍ അംഗങ്ങളും മന്ത്രാലയങ്ങളില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും വിവിധ എംബസിയില്നിന്നടക്കമുള്ള നയതന്ത്രപ്രതിനിധികളും പങ്കെടുത്തു. സെന്റ് അറേബ്യ 2023 പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
എല്ലാ വര്‍ഷവും ജ്വല്ലറി അറേബ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് സെന്റ് അറേബ്യയും നടത്താനാണ് സംഘാടകരുടെ തീരുമാനം. കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നത് ഇന്ത്യയില്നിന്നാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍നിന്ന് 49 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. വൻ ജനാവലിയാണ് പ്രഥമ ദിവസം പ്രദര്‍ശന നഗരിയിലെത്തിയത്. അഞ്ചു ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ വൈകീട്ട് നാലു മുതല്‍ രാത്രി പത്തുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്.
ഇന്ത്യന്‍ ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലും പങ്കെടുക്കുന്നുണ്ട്. വര്‍ഷം ചെല്ലുന്തോറും ഇന്ത്യയില്‍നിന്നുള്ള പ്രദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഇന്ത്യയില്‍നിന്നുള്ള ആഭരണങ്ങളുടെ പ്രധാന വിപണി ഇന്നും ഗള്‍ഫ് തന്നെയാണെന്ന് പ്രദര്‍ശനം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍നിന്നുള്ള ആഭരണങ്ങളുടെ ഗുണമേന്മയും വൈവിധ്യമാര്‍ന്ന ഡിസൈനുകളുമാണ് വിപണിയില്‍ ഇന്ത്യന്‍ ജ്വല്ലറിയെ ശ്രദ്ധേയമാക്കുന്നത്.
ഫുട്ബാൾ താരം സ്റ്റീവൻ ജെറാർഡ് ജ്വല്ലറി അറേബ്യ 2023 പ്രദർശനം കാണാനെത്തിയപ്പോൾ
ജ്വല്ലറി അറേബ്യ കാണാൻ സ്റ്റീവൻ ജെറാർഡും
മനാമ: ജ്വല്ലറി അറേബ്യ 2023 പ്രദർശനം കാണാൻ ലോകപ്രസിദ്ധ ഫുട്ബാൾ താരം സ്റ്റീവൻ ജെറാർഡും. ഭാര്യയും പ്രശസ്ത മോഡലുമായ അലക്സ് കുറാനുമൊപ്പമാണ് താരം എത്തിയത്. ലിവർപൂളിനും ഇംഗ്ലണ്ടിനുമായി കളിച്ച് പ്രശസ്തനായ ജെറാർഡ് മുൻ റേഞ്ചേഴ്സ്, ആസ്റ്റൺ വില്ല മാനേജരും കൂടിയാണ്. ഇളയ മക്കളായ ലൂർദ്, ലിയോ എന്നിവർ സെന്റ് ക്രിസ്റ്റഫേഴ്സ് സ്കൂൾ വിദ്യാർഥികളാണ്. സ്റ്റീവൻ ജെറാർഡ് ഇപ്പോൾ കുടുംബത്തോടൊപ്പം ബഹ്റൈനിലാണ് താമസം.
ദമ്പതികൾക്ക് ലില്ലി-എല്ല, ലെക്സി എന്നീ രണ്ട് പെൺമക്കളും ഉണ്ട്. അൽ-ഇത്തിഫാക്കിന്റെ മാനേജർ എന്ന നിലയിൽ സൗദി അറേബ്യയിൽ പ്രതിവർഷം 7.5 മില്യൺ ദീനാറാണ് സ്റ്റീവൻ ജെറാർഡ് പ്രതിഫലമായി വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.