മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി ചർച്ച നടത്തി. രാജ്യത്തെയും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങളും ആശയങ്ങളും കൈമാറുകയും രാജ്യത്തിന്റെ വികസനത്തിലും വളർച്ചയിലും കൂടുതൽ ഗതിവേഗം വരുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാനും സർക്കാറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കിരീടാവകാശി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെ ഹമദ് രാജാവ് പ്രശംസിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്കനുസരിച്ച് കൂടുതൽ മികവോടെ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേട്ടത്തെയും അദ്ദേഹം പ്രശംസിച്ചു. പുതിയ അധ്യയന വർഷം സന്തോഷകരമായി തുടങ്ങിയത് ഏറെ ആഹ്ലാദകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിലെ ഉണർവ് രാജ്യത്തിന് എല്ലാ മേഖലയിലും കരുത്ത് നൽകുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഫിരിയ്യ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ, ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ദിയാബ് ബിൻ സഖർ അന്നുഐമി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.