മനാമ: അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് മുൻതൂക്കം നൽകുന്ന 2025-26 വർഷത്തെ ദേശീയ ബജറ്റിന് ഹമദ് രാജാവിന്റെ അംഗീകാരം. 2025 നിയമം (11) പ്രകാരമാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച പാർലെമന്റും വ്യാഴാഴ്ച ശൂറ കൗൺസിലും അംഗീകാരം നൽകിയിരുന്നു. ശേഷം ബജറ്റ് കരട് അടിയന്തരമായി ഹമദ് രാജാവിന് സമർപ്പിക്കുകയായിരുന്നു.
മന്ത്രിസഭയുടെ അംഗീകാരെത്തത്തുടർന്ന് 72 മണിക്കൂറിനുള്ളിലാണ് ബജറ്റിന്റെ അന്തിമ രൂപത്തിന് അംഗീകാരം ലഭിച്ചത്. കരട് പ്രകാരം 8.916 ബില്യൺ ദിനാറാണ് രണ്ട് വർഷത്തെ ബജറ്റ് ചെലവ്. ആദ്യ വർഷം 4.379 ബില്യണും അടുത്ത വർഷം 4.536 ബില്യൺ എന്ന നിലയിലും വേർതിരിച്ചിട്ടുണ്ട്. 6.383 ബില്യൺ ദീനാറാണ് ഈ വർഷം പ്രതീക്ഷിക്കുന്ന ഏകദേശ വരുമാനം. 2.5 ബില്യൺ ദീനാറാണ് ബജറ്റ് കമ്മിയായി കണക്കാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവക്ക് മുൻതൂക്കം നൽകുന്നതാണ് നിർദിഷ്ട ബജറ്റ് കരട്. കോടിക്കണക്കിന് ദീനാറിന്റെ വികസനമാണ് ഈ മേഖലകളിൽ സർക്കാർ ആസൂത്രണംചെയ്തത്. എണ്ണയിതര വരുമാനത്തിന്റെ സാധ്യതകളെ സൂചിപ്പിച്ച സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ബജറ്റിലൂടെ ഈ മേഖലകളിലുണ്ടാകാവുന്ന സാമ്പത്തിക നേട്ടങ്ങളുടെ ഒരു ഉൾക്കാഴ്ചയും ചൂണ്ടിക്കാട്ടി. ബഹ്റൈൻ സാമ്പത്തിക സ്ഥിരത കൈവരിക്കാനും, സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ ഈ ബജറ്റിൽ ഉൾക്കൊള്ളുന്നുണ്ട്.
ജോലിയിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ തുക വർധിപ്പിക്കൽ, വാറ്റ് നികുതി സ്ഥിരത നിലനിർത്തൽ, ഭവന നിർമാണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യസംരക്ഷണം എന്നിവയെ പരിപോഷിപ്പിക്കൽ, നഗരവികസനം തുടങ്ങി നിരവധി ജനപ്രീതിയാകർഷിക്കുന്ന പദ്ധതികളാണ് ബജറ്റിലുൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.