കൊച്ചി സർവിസുകൾ വൈകിയത് ഒരുദിവസം; കണ്ണീരണിഞ്ഞ് എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാർ

മനാമ: വൈകലുകളും സർവിസ് റദ്ദാക്കലും തുടർക്കഥയായ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുക്കേണ്ടി വന്ന യാത്രക്കാർ കണ്ണീർ വാർക്കുകയാണ്. ഒരു ദിവസം എല്ലാ കൊച്ചി സർവിസുകളും വൈകുകയാണ്. തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനത്തിന് യന്ത്ര തകരാറുണ്ടായതാണ് സർവിസുകൾ താളം തെറ്റാനിടയാക്കിയത്. 17ന് പുറപ്പേടണ്ട കൊച്ചിവിമാനം പുറപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരെ കോഴിക്കോട് വിമാനത്തിൽ കയറ്റിവിട്ടെങ്കിലും മറ്റ് യാത്രക്കാർ ഇനിയും ബഹ്റൈനിൽ നിന്ന് പുറപ്പെട്ടിട്ടില്ല.

കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ടിക്കറ്റെടുത്തവരായിരുന്നു യാത്രക്കാരിലധികവും. ഇവരുടെ പെരുന്നാൾ ആഘോഷം ഹോട്ടലിലായി. 17 ന് ഉച്ചക്ക് മുമ്പ് പുറപ്പെടേണ്ട വിമാനം ആദ്യം ഉച്ചക്ക് 2.30 ലേക്കാണ് സമയം മാറ്റിയത്. പിന്നീടത് വൈകുന്നേരം 7.30 ലേക്ക് മാറ്റി. പിന്നീട് 18 ന് രാവിലെ ആറിന് പുറപ്പെടുമെന്ന് അറിയിച്ചു. രാവിലെ യാത്രക്കൊരുങ്ങിയവരോട് ഉച്ചക്ക് 2.30 ന് പുറപ്പെടുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഭാര്യാപിതാവി​ന്റെ സംസ്കാരച്ചടങ്ങിൽ പ​ങ്കെടുക്കാനാണ് 17 ന് കൊച്ചിയിലേക്ക് ടിക്കറ്റെടുത്തതെന്ന് കോട്ടയം സ്വദേശിയായ യാത്രക്കാരൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.

വിമാനം എപ്പോൾ പുറപ്പെടു​മെന്ന കാര്യത്തിൽ നിശ്ചയമില്ലാത്തതിനാൽ സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ചത്തേക്ക് മാറ്റേണ്ടി വന്നു. തന്റെ ദീർഘനാളത്തെ പ്രവാസ ജീവിതത്തിൽ വിമാനം വൈകി ഒരു ദിവസത്തിലധികം നഷ്ടപ്പെട്ടത് ആദ്യ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. 18ന് പുറപ്പെടേണ്ട ബഹ്‌റൈൻ-കൊച്ചി വിമാനം 19ന് രാവിലെ മാത്രമേ പുറപ്പെടൂ. ബഹ്റൈനിലെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ യാത്രക്കാർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ പരമാവധി നൽകുന്നുണ്ട്. വിമാനത്തിന്റെ യന്ത്രത്തകരാർ പരിഹരിക്കുന്നതോടെ സർവിസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. 

Tags:    
News Summary - Kochi services delayed by one day; Air India Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.