മനാമ: യുവാക്കൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലിബറൽ ചിന്താഗതികൾ സമൂഹം ധാർമികമായി പിന്നോട്ടടിക്കുന്നതിന് കാരണമാകുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി. അതിരുകളില്ലാത്ത ലൈംഗിക സ്വാതന്ത്ര്യം എന്ന ചിന്താഗതി കുടുംബഭദ്രതയെയും മൂല്യങ്ങളെയും തകർക്കുന്നതാണെന്നും ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇത്തരം ചിന്താഗതികൾ വ്യാപകമാകുന്നതിനെ പ്രതിരോധിക്കാൻ മത, സാമുദായിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണം. സാന്മാർഗികമായ ചട്ടക്കൂട് തകർക്കുന്ന നവ നിരീശ്വരവാദ പ്രവണതകൾ സമൂഹഭദ്രതക്ക് അപകടം വരുത്തിവെക്കും. മതപ്രമാണ ഗ്രന്ഥങ്ങൾക്ക് വിരുദ്ധമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചൂണ്ടിക്കാട്ടിയാണ് നവ നിരീശ്വര പ്രസ്ഥാനങ്ങൾ സ്വാധീനം വർധിപ്പിക്കുന്നത്. ഇക്കാര്യം മത സാമുദായിക പ്രസ്ഥാനങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങളുടെ വ്യാപനത്തോടെ ഈ ചിന്താഗതികൾക്ക് സ്വാധീനം വർധിക്കുകയാണ്. സമൂഹ മാധ്യമങ്ങൾക്കും ലൈംഗികവൈകൃതങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾക്കും നിയന്ത്രണം കൊണ്ടുവരാൻ സർക്കാറിനാകണം.
ഇസ്ലാമിൽ സ്ത്രീസ്വാതന്ത്ര്യമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സ്ത്രീകൾക്ക് തുല്യപദവി കൊടുക്കണമെന്ന് അനുശാസിക്കുന്ന മതമാണ് ഇസ്ലാം. സ്ത്രീസംരക്ഷണം എന്ന ലക്ഷ്യം മുൻനിർത്തിയുണ്ടാക്കിയതാണ് നിലവിലുള്ള സ്വത്തവകാശ നിയമങ്ങൾ. അതിനെ ചോദ്യം ചെയ്യുന്നവർക്ക് വിവാദമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. എൽ.ജി.ബി.ടി, സ്വവർഗ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിം സംഘടനകൾക്ക് സുവ്യക്തമായ അഭിപ്രായമുണ്ട്. വിവിധ സംഘടനകൾ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുകയും ഒത്തൊരുമയോടെ നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട്. ജൻഡർ വിഷയങ്ങളിലടക്കം സംസ്ഥാന സർക്കാർ നിലപാടുമാറ്റിയത് കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ്. ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ ആർ.എസ്.എസിന്റെ ആശയ അടിത്തറയിലാണ് പ്രവർത്തിക്കുന്നത്. ഇതര മതവിഭാഗങ്ങളെ രണ്ടാം തരമായാണ് അവർ കാണുന്നത്. ഹിന്ദുമതത്തിലെ തന്നെ പിന്നാക്ക ജാതിക്കാരെയും അവർ അംഗീകരിക്കുന്നില്ല.
ദലിത് വിഭാഗങ്ങളെ അടിച്ചമർത്തുന്ന സവർണ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ആർ.എസ്.എസ് ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഫാഷിസ്റ്റ് നയങ്ങൾ പുലർത്തുന്ന ഭരണകൂടം, പാഠപുസ്തകങ്ങളിൽ തിരുത്തലുകൾ വരുത്തി തങ്ങളുടെ വർഗീയ അജണ്ട നടപ്പാക്കുകയാണ്. ഇതിനെ ജനാധിപത്യ മാർഗങ്ങളിലൂടെ പ്രതിരോധിക്കണം. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ജനാധിപത്യ മുന്നേറ്റങ്ങളുണ്ടാകണം. കർഷക സമരം ഇക്കാര്യത്തിൽ മാതൃകയാണെന്നും പി.എൻ. അബ്ദുൽ ലത്തീഫ് മദനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.