മനാമ: ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ലോഗോസ് ഹോപ്’ കപ്പൽ നാളെ ബഹ്റൈൻ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നങ്കൂരമിടും. 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തകപ്രദര്ശനം. ഇത് രണ്ടാം തവണയാണ് പുസ്തകങ്ങളുടെ മഹാസമുദ്ര പ്രദര്‍ശനത്തിന് ബഹ്റൈൻ വേദിയാകുന്നത്. 65ലേറെ രാജ്യങ്ങളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരാണ് പുസ്തകമേളയുടെ ഭാഗമായി കപ്പലിലുള്ളത്.
റുമേനിയക്കാരനായ ലോനറ്റ് വ്ലോദ് ആണ് കപ്പലിന്റെ ക്യാപ്റ്റൻ. ഏഴുവര്‍ഷമായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം അദ്ദേഹം കപ്പലിലാണ് കഴിഞ്ഞുവരുന്നത്. ജൂൺ ആറു മുതൽ ജൂൺ 20 വരെ പുസ്തകപ്രദർശനം നടത്താനാണ് പദ്ധതിയെന്നാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്ന ചാരിറ്റബ്ൾ ഓർഗനൈസേഷൻ ‘ഗുഡ് ബുക്സ് ഫോർ ഓൾ’ അറിയിച്ചിരിക്കുന്നത്. സാധാരണ വൈകുന്നേരം മുതല്‍ അർധരാത്രി വരെയാണ് പ്രദര്‍ശനം. കുട്ടികള്‍ക്കായുള്ള വിനോദപരിപാടികളും സാംസ്കാരിക പരിപാടികളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. 2005ൽ കപ്പൽ കമീഷൻ ചെയ്തതു മുതൽ, 1,32,619 നോട്ടിക്കൽ മൈൽ യാത്ര ചെയ്യുകയും 77 രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. 132.5 മീറ്റർ നീളമുള്ളതാണ് കപ്പൽ. 9.34 ദശലക്ഷം സന്ദർശകർ ഇതുവരെ ലോഗോസ് ഹോപ് സന്ദർശിച്ചതായാണ് കണക്ക്. 10 ദശലക്ഷത്തിലധികം പുസ്തകങ്ങൾ വിൽക്കുകയും ചെയ്തു.
ജിബൂതി, സൗദി അറേബ്യ, ജോർഡൻ, ഈജിപ്ത്, ലബനാൻ, ഇറാഖ്, റാസൽഖൈമ, ദുബൈ, അബൂദബി എന്നിവിടങ്ങളിൽ പുസ്തക പ്രദർശനം നടത്തിയതിനുശേഷമാണ് കപ്പൽ ബഹ്റൈനിലെത്തുന്നത്. തുടർന്ന് ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളും സന്ദർശിക്കും. ലോഗോസ് ഹോപ് അവസാനമായി ബഹ്റൈൻ സന്ദർശിച്ചത് 2013 ഒക്ടോബർ 22 മുതൽ നവംബർ നാലു വരെയായിരുന്നു. സന്നദ്ധ സംഘടനകളും സ്പോൺസർമാരും നൽകുന്ന തുകയുപയോഗിച്ചാണ് കപ്പൽ ലോകം ചുറ്റുന്നത്.
പുസ്തകവിൽപനയിലൂടെയുള്ള വരുമാനം തുച്ഛമാണ്. കപ്പലിലെ നാവികരടക്കമുള്ളവർ സന്നദ്ധപ്രവർത്തകരാണ്. രണ്ടുവർഷക്കാലമാണ് സാധാരണ അവർ കപ്പലിലുണ്ടാകുക. കുടുംബാംഗങ്ങളും അവരോടൊപ്പമുണ്ടാകും. ഇവരുടെ സുഹൃത്തുക്കളും മറ്റുമാണ് ഇവരെ സ്പോൺസർ ചെയ്യുക. വിജ്ഞാനത്തിന്റെ വെളിച്ചം ലോകമെമ്പാടും വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് ദൗത്യത്തിനുള്ളത്. നങ്കൂരമിടുന്ന തുറമുഖങ്ങളിലെ ജനങ്ങളുമായി സംവദിക്കാനും അവർക്കാവശ്യമായ വിവരങ്ങളും വിജ്ഞാനവും കൈമാറ്റംചെയ്യാനും കപ്പലിലുള്ളവർ സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.