മനാമ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മാംഗോ മാനിയ’ മാമ്പഴമേള തുടങ്ങി. ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ശ്രീലങ്ക, അമേരിക്ക, ഇന്തോനേഷ്യ, യമൻ, മൊറോക്കോ, യുഗാണ്ട, കെനിയ, ഐവറി കോസ്റ്റ്, കൊളംബിയ, പെറു എന്നീ രാജ്യങ്ങളിൽനിന്നുള്ള 85 തരം മാമ്പഴങ്ങൾ വിൽപനക്കെത്തിയിട്ടുണ്ട്. ഇതുകൂടാതെ ബഹ്റൈനിലെ വ്യത്യസ്ത ഇനം മാമ്പഴങ്ങളുടെ വലിയ നിരയും പ്രദർശിപ്പിച്ചിട്ടുണ്ട്.
സന്ദർശകർക്ക് മാമ്പഴത്തോട്ടത്തിലെത്തിയ പ്രതീതി ജനിപ്പിക്കുന്ന തരത്തിലുള്ള നെടുങ്കൻ ഡിസ്േപ്ല ആകർഷണീയമാണ്. അമ്മിണി, പ്രിയൂർ, ദിൽപസന്ത്, സിന്ദൂരം, അൽഫോൻസ, തോട്ടാപ്പുരി, വാഴപ്പൂ, മൽഗോവ, ലങ്കട, ഹിമപസന്ത് തുടങ്ങിയ ഇന്ത്യൻ ഇനങ്ങൾ ആരെയും മോഹിപ്പിക്കുന്നതാണ്. ഇവക്കുപുറമെ കേരളത്തനിമയുള്ള കിളിച്ചുണ്ടൻ മാമ്പഴവും വിൽപനക്കുണ്ട്.
അതിമധുരമുള്ള വിദേശ മാമ്പഴങ്ങൾ വാങ്ങാനും ഏറെ തിരക്കാണ് അനുഭവപ്പെടുന്നത്. മാമ്പഴം കൊണ്ടുള്ള നിരവധി വിഭവങ്ങളും വിൽപനക്കുണ്ട്. മാമ്പഴ ഐസ്ക്രീം, പുഡ്ഡിങ് മുതൽ മാമ്പഴമിട്ട് വെച്ച സ്വാദിഷ്ഠമായ മീൻകറിയും വാങ്ങാം. മാംഗോ ചിക്കൻ കറി, തേൻ മാംഗോ സോസ്, അച്ചാറുകൾ, ആംരാസ് (മാമ്പഴം പൂരി), മാമ്പഴപ്പുളിശ്ശേരി മുതൽ മാങ്ങ വിഭവങ്ങളുടെ നീണ്ട നിരതന്നെ ഒരുക്കിയിട്ടുണ്ട്.
വിവിധതരം മാങ്ങ അച്ചാറുകൾ, ഉപ്പിലിട്ടത് എന്നിവ കണ്ടാൽ തന്നെ വായിൽ വെള്ളമൂറും. ‘മാംഗോ മാനിയ’യുടെ ഉദ്ഘാടനം ദാന മാളിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ നിർവഹിച്ചു. ബഹ്റൈനിന് നല്ല മാമ്പഴ രുചി പ്രദാനം ചെയ്യുന്നതിലൂടെ ലുലു വലിയ സേവനമാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപാവാല, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
പാചക മത്സരം, ഗെയിമുകൾ, ഫ്ലാഷ് മോബ് എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. പാചക മത്സരത്തിൽ 500 യു.എസ് ഡോളറിന്റെ സമ്മാനത്തിന് സഫ്നാസ് തരൻചാണ്ടി, ആദിയ ആലിക്കൽ, സഫീന റാഫി എന്നിവർ അർഹരായി. ഫെസ്റ്റിവൽ 23 വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.