മനാമ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ഈജിപ്ഷ്യൻ ഭക്ഷ്യമേളക്ക് തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ് ദാന മാളിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ ഈജിപ്ത് അംബാസഡർ റെഹാം ഇബ്രാഹിം അബ്ദുൽഹമീദ് ഖലീൽ സന്നിഹിതയായിരുന്നു.
ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസർ രൂപവാലയും സീനിയർ മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. ഒക്ടോബർ 9 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ഈജിപ്ഷ്യൻ ഭക്ഷണത്തിന്റെ അതിശയകരമായ വൈവിധ്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, മാംസം എന്നിവയും ഇതര ഈജിപ്ഷ്യൻ കാർഷിക ഉൽപന്നങ്ങളുമുണ്ട്. ജനപ്രിയമായ ഫെറ്റ, അരീഷ് ചീസുകൾ മുതൽ റൗമി, സ്വാദിഷ്ടമായ ഡബിൾ ക്രീം ചീസ് വരെയുള്ള നിരവധി ഈജിപ്ഷ്യൻ ചീസുകളുമുണ്ട്. ഈജിപ്ഷ്യൻ പാചകക്കാർ ഒരുക്കിയ ഈജിപ്ഷ്യൻ വിഭവങ്ങളും ആസ്വദിക്കാം. വർണ്ണാഭമായ സാംസ്കാരിക പരിപാടിയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.
ബഹ്റൈനും ഈജിപ്തും തമ്മിലുള്ള അടുത്ത സാംസ്കാരികമായ ബന്ധത്തിന്റെ ശക്തമായ സൂചകമാണ് ഫെസ്റ്റിവലെന്ന് ജുസർ രൂപവാല പറഞ്ഞു, ബഹ്റൈനിലുള്ളവർക്ക് രുചികരമായ ഈജിപ്ഷ്യൻ ചേരുവകൾ ലഭ്യമാക്കാൻ ഫെസ്റ്റിവൽ പ്രയോജനപ്പെടുമെന്നതിൽ സന്തോഷമുണ്ടെന്ന് അംബാസഡർ റഹാം ഇബ്രാഹിം അബ്ദുൽഹമീദ് ഖലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.