സ്നേഹവും സൗഹൃദവും പൂക്കുന്ന മജ്ലിസുകൾ സജീവം

പരസ്പര ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കല്പിക്കുന്നവരാണ് അറബികൾ. കുടുംബബന്ധമായാലും സൗഹൃദങ്ങളായാലും അവർക്ക് ഏറെ വിലപ്പെട്ടതാണ്. ബന്ധങ്ങൾ നിലനിർത്താൻ പല സംവിധാനങ്ങളും അറബികൾക്കിടയിൽ നിലവിലുണ്ട്. അതിലേറെ ശ്രദ്ധേയമായ ഒന്നാണ് അവരുടെ മജ്ലിസുകൾ. സൗന്ദര്യമാർന്ന പഴയ ഗ്രാമീണ ജീവിതത്തിൽ നിന്നും ആധുനികതയുടെ അടയാളമായ ഫ്ലാറ്റ് സമുച്ചയങ്ങളിലേക്കും വില്ലകളിലേക്കും ജീവിതം പറിച്ചുനടപ്പെട്ടെങ്കിലും ഇന്നും മജ്ലിസുകൾ ഏറെ സജീവമാണ്. സ്നേഹവും സൗഹൃദവും പൂക്കുന്ന സുന്ദര ഇടങ്ങളായി മജ്ലിസുകൾ രാവേറെ ചെല്ലുന്നതുവരെ സജീവമാണിപ്പോഴും. റമദാനിൽ നടത്തപ്പെടുന്ന മജ്ലിസുകൾ പല ഘടകങ്ങളാലും ശ്രദ്ധേയമാണ്. കുടുംബത്തിലെ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും മറ്റ് അതിഥികളും ഇവിടെ സംഗമിക്കുന്നു. സാധാരണ ദിവസങ്ങളിൽ ഇശാ നമസ്കാരത്തിനുശേഷവും റമദാനിൽ രാത്രിയിലെ തറാവീഹ് നമസ്കാരത്തിനുശേഷവുമാണ് മജ്ലിസുകൾ ആരംഭിക്കുക.

അറബികളുടെ മിക്ക വീടുകളോടും ചേർന്ന് പ്രത്യേകം തയാറാക്കിയ മജ്ലിസുകൾ ഉണ്ടാവും. രാത്രികളിൽ സംസാരിച്ചിരിക്കാനൊരിടം എന്നതിലുപരിയായി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പരസ്പര ബന്ധത്തിന്റെയും ഊഷ്മളത പകർന്നുനൽകുന്ന സുന്ദരയിടങ്ങൾ കൂടിയാണ് മജ്ലിസുകൾ. കുടുംബത്തിന്റെ സാമ്പത്തിക - സാമൂഹിക പദവിയനുസരിച്ച് മജ്ലിസിന്റെ പ്രൗഢിയും സൗകര്യങ്ങളും വ്യത്യസ്തമായിരിക്കും. കേവല സൗഹൃദ സംസാരങ്ങൾ മുതൽ രാഷ്ട്രീയം, കല, സാഹിത്യം, സ്പോർട്സ്, മതം തുടങ്ങി ലോകത്തുള്ള സകല വിഷയങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടും. കുടുംബാംഗങ്ങളുടെ വിവാഹം, ജനനം, മരണം തുടങ്ങിയ സന്ദർഭങ്ങളിലൊക്കെ മജ്ലിസുകളിലൂടെ അതിന്റെ സന്തോഷവും ദുഃഖവുമൊക്കെ പങ്കുവെക്കപ്പെടുന്നു. പുതിയ ജോലി ലഭിക്കുമ്പോഴും സംരംഭങ്ങൾ ആരംഭിക്കുമ്പോഴുമൊക്കെ ഇവിടം കൂടുതൽ സന്തോഷം നിറഞ്ഞതായിരിക്കും.

റമദാൻ രാവുകളെ സമ്പന്നമാക്കുന്ന ഇത്തരം മജ്ലിസുകളിലേക്ക് ധാരാളം അതിഥികളും ക്ഷണിക്കപ്പെടും. കോവിഡ് ഭീകരത നിറഞ്ഞുനിന്ന കഴിഞ്ഞ രണ്ടുവർഷങ്ങളിലും ബഹ്റൈനിൽ മജ്ലിസുകൾ നിർത്തിവെച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്തിയതോടെ മിക്ക മജ്ലിസുകളും പഴയ സജീവതയിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. ഇവിടേക്ക് എത്തുന്നവരെ കൈപിടിച്ചും നെറുകയിൽ ചുംബിച്ചുമാണ് കുടുംബനാഥൻ സ്വീകരിക്കുക. അതിഥികൾക്ക് ചൂട് ഖഹ്വയും വിവിധ ചായകളും സമൃദ്ധമായ ഭക്ഷണവും വിളമ്പും. രുചിവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് പല മജ്ലിസുകളും.

മജ്‍ലിസുകളിൽ പൊതുവേ പാലിക്കപ്പെടുന്ന ചില മര്യാദകളുണ്ട്. മജ്ലിസിലേക്ക് സലാം (ഇസ്‍ലാമിക രീതിയിലുള്ള അഭിവാദന രീതി) ചൊല്ലി കടന്നുവരുന്നവർ വലത്തുനിന്നും തുടങ്ങി കൂട്ടത്തിലെ എല്ലാവർക്കും കൈ കൊടുത്തതിനുശേഷമാണ് ഇരിക്കേണ്ടത്. അതിഥികൾ വരുമ്പോൾ സദസ്സിലുള്ള എല്ലാവരും അദ്ദേഹത്തെ എഴുന്നേറ്റുനിന്ന് സ്വീകരിക്കണം. സൗകര്യപ്രദമായ ഒരിടത്ത് അദ്ദേഹം ഇരിക്കുന്നതുവരെ സദസ്സിലുള്ളവർ ഇരിക്കാൻ പാടില്ല. ശേഷം കുടുംബത്തിലെ മുതിർന്ന കുട്ടികളോ ജോലിക്കാരോ ചൂടുള്ള ഖഹ്വയുമായെത്തും.

ഫ്ലാസ്കിലുള്ള ഖഹ്വ ഗ്ലാസിലേക്ക് പകരുന്നതിലും അത് അതിഥികൾക്ക് കൊടുക്കുന്നതിലുമൊക്കെ ഇവരുടേതായ പ്രത്യേക രീതികളുണ്ട്. കൈകൾ മേലോട്ടും താഴോട്ടും ഉയർത്തി പ്രത്യേക താളത്തിലാണ് ഖഹ്വ ഗ്ലാസിലേക്ക് ഒഴിക്കുക. വലതു കൈയിൽ ചെറിയ കപ്പ് പിടിച്ചു തന്റെ ഇടതു കൈയിലുള്ള ഫ്ലാസ്കിൽനിന്നും ഖഹ്വ പകർന്നുനൽകും. ഖഹ്വ നിറച്ച കൂജയുടെ നീണ്ടനാളം കപ്പിൽ ചെന്നുതട്ടി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി വീണ്ടും ഉയർന്നുപോകും. അതിഥി മതിയാക്കി കപ്പിന്റെ മുകൾഭാഗം പൊത്തിപ്പിടിച്ച് ഇരുവശത്തേക്കും കുലുക്കി മതിയെന്ന സൂചന നൽകും വരെ വിളമ്പുകാരൻ സമീപത്തുതന്നെ കാത്തിരിക്കണം എന്നാണ് പാരമ്പര്യനിയമമെങ്കിലും ഇപ്പോൾ അങ്ങനെ കാണാറില്ല.

ഖഹ്വക്ക് പിന്നാലെ കട്ടൻചായ വരും. ചില മജ്ലിസുകളുടെ ഒരുഭാഗത്ത് ഖഹ്വയും ചായയും ഉണ്ടാക്കാനും അതിന്റെ ചൂട് നിലനിർത്താനുമുള്ള അടുപ്പും മറ്റു സംവിധാനങ്ങളുമൊക്കെയുണ്ടാവും. പണ്ടുകാലങ്ങളിൽ ഹുക്കയും അതിന്റെ സുഗന്ധംപരത്തുന്ന പുകപടലവും മജ്ലിസുകളുടെ ഭാഗമായിരുന്നു. ഇന്ന് പല മജ്ലിസുകളിലും ഹുക്കകൾ കാണുന്നില്ല. ഭരണാധികാരികൾ, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ, എം.പിമാർ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ, ബിസിനസ് പ്രമുഖർ, സ്ഥാപന മേധാവികൾ തുടങ്ങിയവരുടെയൊക്കെ റമദാൻ മജ്ലിസുകളിൽ ധാരാളം അതിഥികൾ ക്ഷണിക്കപ്പെടാറുണ്ട്.

Tags:    
News Summary - Majlis active with love and friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.