മനാമ: മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ റിഫ ഏരിയതല രജിസ്ട്രേഷൻ ആരംഭിച്ചു.
2021ലെ മലർവാടി ലിറ്റിൽ സ്കോളർ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഹയ മറിയം ആണ് രജിസ്റ്റർ ചെയ്ത് ദിശ സെന്ററിൽ ഉദ്ഘാടനം നിർവഹിച്ചത്. ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനിക ഉന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ. പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി.
മത്സരക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ രൂപപ്പെടുത്തുന്നത്. വിജയികൾക്കും പങ്കെടുക്കുന്നവർക്കും നിരവധി സമ്മാനങ്ങളാണ് ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുന്നവർ https://littlescholar.mediaoneonline.com എന്ന ലിങ്കിൽ കയറിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
പരീക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾക്കും വിശദാംശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ മലർവാടി, ടീൻ ഇന്ത്യ ബഹ്റൈൻ സഹരക്ഷാധികാരി ജമാൽ നദ് വി, ലിറ്റിൽ സ്കോളർ കർമസമിതി അംഗങ്ങളായ അബ്ദുൽ ഹഖ്, സക്കീർ ഹുസൈൻ, സൗദ പേരാമ്പ്ര, ഷാനി സക്കീർ, ലുലു അബ്ദുൽ ഹഖ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.