മനാമ: സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ സഖീർ പാലസിലായിരുന്നു യോഗം. യു.എസ് സന്ദർശനം വിജയകരമായിരുന്നുവെന്ന് കിരീടാവകാശി വ്യക്തമാക്കി. ബഹ്റൈനും യു.എസും തമ്മിൽ സുരക്ഷ, സൈനിക മേഖലയിൽ സഹകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനവും ശാന്തിയും വർധിപ്പിക്കുന്നതിന് ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷ, സൈനിക, സാങ്കേതികവിദ്യ, വാണിജ്യ നിക്ഷേപ മേഖലകളിൽ മുമ്പത്തേക്കാൾ കൂടുതൽ അമേരിക്കയുമായി സഹകരിക്കാനാണ് ബഹ്റൈൻ തീരുമാനിച്ചിട്ടുള്ളത്. ബഹ്റൈന്റെ വളർച്ചയിലും പുരോഗതിയിലും സാമ്പത്തിക ഉന്നമനത്തിലും സഹകരണം വലിയ അളവിൽ സ്വാധീനിക്കുമെന്നാണ് കരുതുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി. സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ കിരീടാവകാശിക്ക് ഹമദ് രാജാവ് പ്രത്യേകം അഭിനന്ദനങ്ങൾ നേരുകയും ചെയ്തു. ലിബിയ, മൊറോക്കോ ദുരിതബാധിതരെ സഹായിക്കുന്നതിനാവശ്യമായ ഒരുക്കങ്ങൾ നടത്തുന്ന റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനെയും അതിന് ചുക്കാൻപിടിക്കുന്ന യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയെയും ഹമദ് രാജാവ് പ്രശംസിച്ചു. ബി.ഡി.എഫ്, നാഷനൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പ്രവർത്തനങ്ങൾ അഭംഗുരം തുടരുന്നത് രാജ്യത്തിന്റെ സമാധാന, സുരക്ഷ മേഖലക്ക് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.