മനാമ: പുതിയ അധ്യയനവർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കം വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. വിദ്യയും വിജ്ഞാനവും പുതിയ കഴിവുകളും കോർത്തിണക്കി ഭാവി തലമുറ രാജ്യത്തിന് കരുത്ത് പകരുന്നവരായിരിക്കട്ടെയെന്ന് മന്ത്രിസഭ ആശംസിച്ചു.
രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച 40 വയസ്സിന് മുകളിലുള്ളവരിൽ 80 ശതമാനം പേരും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ടുവന്നതിനെ മന്ത്രിസഭ അഭിനന്ദിച്ചു. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം പ്രശംസനീയമാണെന്നും യോഗം വിലയിരുത്തി.
അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ രണ്ട് തീവ്രവാദ ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. അഫ്ഗാനിൽ സമാധാനം സ്ഥാപിക്കാനും പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹത്തിൻെറ ജാഗ്രതയുണ്ടാവണമെന്നും അഭിപ്രായപ്പെട്ടു.
വിവിധ മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളെക്കുറിച്ചും അവർ പങ്കെടുത്ത യോഗങ്ങളുടെ റിപ്പോർട്ടും സഭയിൽ അവതരിപ്പിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.