മനാമ: ലോകത്തോടൊപ്പം ബഹ്റൈനും പുതുവർഷത്തെ ആവേശത്തോടെ വരവേറ്റു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നാലിടങ്ങളിൽ നടത്തിയ കരിമരുന്ന് പ്രകടനവും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടി. രാത്രി തുടങ്ങിയ ആഘോഷ പരിപാടികൾ അർധരാത്രി കഴിഞ്ഞും നീണ്ടു.
അവന്യൂസ് പാർക്ക്, മറാസീ ബീച്ച്, ഹാർബർ റോ, വാട്ടർ ഗാർഡൻ സിറ്റി എന്നിവിടങ്ങളിൽ ഒരുക്കിയ കരിമരുന്ന് പ്രകടനം കാണാൻ വിവിധ സ്ഥലങ്ങളിൽനിന്ന് ആളുകൾ എത്തി. ഡ്രോൺ ഷോ, സംഗീത പരിപാടി എന്നിവക്കൊപ്പം രുചികരമായ ഭക്ഷണ സ്റ്റാളുകളും തയാറാക്കിയിരുന്നു. മാനത്ത് വർണവിസ്മയം തീർത്ത വെടിക്കെട്ട് ബഹ്റൈനിൽ ആദ്യമായാണ് ഒരേദിവസം നാലിടങ്ങളിൽ സംഘടിപ്പിച്ചത്.
ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊലീസും ട്രാഫിക് വിഭാഗവും വിപുലമായ തയാറെടുപ്പുകളാണ് നടത്തിയത്. തടസ്സങ്ങളില്ലാതെ ഗതാഗതം ഉറപ്പുവരുത്തിയ അധികൃതരുടെ നടപടി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. വാഹനങ്ങൾ പാർക്ക് ചെയ്യാനും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.