മനാമ: മുൻ പ്രധാനമന്ത്രിയും ധീരരക്തസാക്ഷി ഇന്ദിര ഗാന്ധി, മുൻ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രി സർദാർ വല്ലഭ് ഭായി പട്ടേൽ, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ഈ നേതാക്കളുടെ കാലഘട്ടം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും ഇന്ത്യയുടെയും സുവർണ കാലഘട്ടമായിരുന്നുവെന്ന് ഒ.ഐ.സി.സി ഓഫിസിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. സ്വന്തം ജീവൻ നൽകിയാണ് ഇന്ദിര ഗാന്ധി രാജ്യത്തിന്റെ അതിർ വരമ്പുകൾ കാത്തത്, ഇന്ദിര ഗാന്ധിയുടെ ജീവനെടുത്ത ഖാലിസ്താൻ വാദികൾ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘടിച്ചുവരുന്നത് വളരെ സൂക്ഷ്മതയോടെ വേണം രാജ്യത്തെ ഭരണാധികാരികൾ കാണേണ്ടത്.
ഇന്ദിര ഗാന്ധി നടത്തിയ അടിസ്ഥാന വികസനത്തിൽനിന്നാണ് ഇന്ന് കാണുന്ന ഇന്ത്യയിലേക്ക് മാറാൻ നമുക്ക് സാധിച്ചത്. ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭ ഭായി പട്ടേലിന്റെ 148ാമത് ജന്മദിനത്തിൽ രാജ്യത്തിനുവേണ്ടി നൽകിയ നിരവധി സംഭാവനകൾ മൂലം ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. ആഭ്യന്തര സംഘർഷം മൂലം പരസ്പരം പോരടിച്ചുനിന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യയോട് ചേർക്കാനും രാജ്യത്ത് നിലനിന്നിരുന്ന വർഗീയ സംഘർഷങ്ങളും അമർച്ച ചെയ്യാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു എന്നും നേതാക്കൾ അനുസ്മരിച്ചു.
ആധുനിക കേരളത്തിന്റെ നിർമാതാവ് എന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കുന്ന നേതാവായിരിക്കും ഉമ്മൻ ചാണ്ടി. പാവപ്പെട്ട ആളുകളെ കരുതുവാൻ ഉമ്മൻ ചാണ്ടിയെപ്പോലെ ലോകത്ത് ഒരു രാഷ്ട്രീയ നേതാവിനും സാധിച്ചിട്ടില്ല. തന്റെ ജീവിതം താൻ വിശ്വസിച്ച പ്രസ്ഥാനത്തിനും നാടിനുവേണ്ടിയും മാറ്റിവെച്ച നേതാവായിരുന്നു എന്നും ഉമ്മൻ ചാണ്ടിയുടെ എൺപതാം ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, സെക്രട്ടറി ജവാദ് വക്കം, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒ.ഐ.സി.സി നേതാക്കളായ ചെമ്പൻ ജലാൽ, പി.ടി. ജോസഫ്, കെ.സി. ഷമീം, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജാലിസ് കുന്നത്ത്കാട്ടിൽ, അലക്സ് മഠത്തിൽ, പി.കെ. പ്രദീപ്, രജിത് മൊട്ടപ്പാറ, നസിം തൊടിയൂർ, ഷീജ നടരാജൻ, അഡ്വ. ഷാജി സാമുവൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി നേതാക്കളായ സൈദ് മുഹമ്മദ്, ജോണി താമരശ്ശേരി, ഷിബു ബഷീർ, രഞ്ചൻ കേച്ചേരി, ശ്രീജിത്ത് പാനായി, സിജു പുന്നവേലി, മുനീർ യു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.