ഓണത്തിന് ഓർമകളുണ്ടോ എന്നൊരു ചോദ്യം മുന്നിൽ വന്നുനിന്നാൽ പിന്നെ നേരെ മനസ്സൊരുയാത്രയാണ്. അതിന്റെ അവസാനം എത്തിനിൽക്കുന്നത് ബാല്യകാലത്തിലും. ആ കാലത്തിന്റെ ഓർമകളെ കടഞ്ഞെടുക്കാൻ അധികം സമയമൊന്നും വേണ്ട. അത്രയ്ക്കും മനോഹരമായെരു കാലം ഈ ഭൂമിയിൽ ഇല്ല. കഴിഞ്ഞു പോയവർക്കൊരുപാട് ഓർമകളാണ്. ആടിയും പാടിയും തുള്ളിക്കളിച്ചും നടക്കുമ്പോൾ അറിയാതെ എത്തുന്ന കാറ്റിനൊപ്പം മാമ്പഴം സമ്മാനിക്കുന്ന ഒരു വലിയ കാട്ടുമാവ് റോഡിന്റെ അടുത്തുണ്ടായിരുന്നു. അവിടെനിന്നും തുടങ്ങട്ടെ ഓണത്തിന്റെ പത്തരമാറ്റുള്ള ഓർമകൾ. ഓരോ ഓർമകൾ പങ്കുവെക്കുവാനും, ബാല്യത്തിലെ കുസൃതിത്തരങ്ങളെ താലോലിക്കാനും വേണ്ടി ഇടക്കിടെ ഞാനെന്റെ കൂട്ടുകാരെ വിളിക്കും. പിന്നെ പൊട്ടിച്ചിരിക്കും. അന്നത്തെ ദാരിദ്രത്തിന്റെ വേദനകൾ പങ്കുവെക്കും. ആ ഓർമകളാണല്ലോ ഇന്നത്തെ അക്ഷരത്തിന്റെയും മാറിവരുന്ന ഓണത്തിന്റെയും ഒരുപിടി പൂവുമായ് മനസ്സിൽനിറയുന്ന അത്തപ്പൂക്കളത്തിലെ നിറമുള്ള പൂവുകൾ.
പത്തനംതിട്ട ജില്ലയിൽ നിന്ന് ബസ് കയറി എന്റെ മലയോരഗ്രാമത്തിലേക്ക് പോകാം. കൂട്ടിന് അന്നെന്റെ ഒപ്പമുണ്ടായിരുന്നവരെയും വിളിക്കാം. അവിടെയുള്ള തോട്ടിൽ ഒരിക്കൽക്കൂടെ ചിറകെട്ടി ആ വെള്ളത്തിലേക്ക് എടുത്തുചാടാം. കുറേ നേരത്തേ ചാട്ടമത്സരത്തിനുശേഷം കിടുകിടാ വിറച്ച് കരയിലിരിക്കാം. അന്നേരം എത്തുന്നവർ ആദ്യം പറയുന്ന തമാശയോർത്ത് ചിരിക്കാം. മുങ്ങാംകുഴിയിട്ട് മൂക്കിലും വായിലും വെള്ളം കയറി തുമ്മിയും ചുമച്ചും വീട്ടിലോട്ട് ചെല്ലുമ്പോൾ വീട്ടിൽ ഒരുക്കിവെച്ചിരിക്കുന്നത് ഓണസദ്യ മാത്രമല്ല ഓണത്തല്ലുകൂടെയാണ്. എല്ലാം കിട്ടിബോധിച്ച് അതിന്റെ ചൂട് മാറുമ്പോൾ വീണ്ടും ഇറങ്ങും അടുത്ത ചാട്ടത്തിന്. പത്തുദിവസം ഒരുവർഷം പോലെയാണ്.
പുത്തരിക്കണ്ടം മൈതാനമോ, പുന്നമട കായലോ ഇല്ലാത്ത നാട്ടിൽ ഞങ്ങൾക്കുവേണ്ടി ഒരുങ്ങുന്നത് റബറിൻ തോപ്പുകളും, പുഴകളും, ആരാധനാലയത്തിന്റെ മുറ്റവും, സ്കൂൾ ഗ്രൗണ്ടുമായിരുന്നു. എവിടെയും ആർപ്പൂവിളി ഉയരുമ്പോൾ ഇന്നും മറക്കാത്ത ഒരായിരം ഓർമകൾ ഞങ്ങളെ തിരയുന്നുണ്ടാകും ഓരോ ഓണാഘോഷത്തിനും.
അന്നത്തെ ഓണഘോഷപരിപാടികൾ കൂടുതലും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകളിൽ വെച്ചായിരുന്നു നടന്നത്. അവിടെ ഓണത്തിന്റെ പല മത്സരങ്ങളിൽ പറ്റുന്നതിൽ പങ്കെടുക്കുക, അല്ലാത്തതൊക്കെ നോക്കിനിൽക്കുക. ഇന്നും ഓർമയിലുണ്ട് അവിടെ ആലപിച്ച ഒരു കവിത. അതിനുകിട്ടിയ സമ്മാനം ഒരു ഗ്ലാസ് ആയിരുന്നു. പകുതി വഴിയെത്തിയപ്പോൾ താഴെവിണുപൊട്ടിപ്പോയി. വടംവലിയിൽ ജയിച്ചത് ഇന്നും പറഞ്ഞു ഞങ്ങൾ ചിരിക്കാറുണ്ട്. രാവിലെ തുടങ്ങുന്ന പ്രോഗ്രാം കഴിയുമ്പോൾ ചിലപ്പോൾ രാത്രിയാകും എല്ലാം കഴിയുമ്പോൾ വല്ലാത്ത സങ്കടമാണ്. വീണ്ടും ഒരു ഓണം എത്തണമെങ്കിൽ ഒരു കൊല്ലം കാത്തിരിക്കണം.
തിരുവോണസദ്യക്ക് പറയുവാൻ വാക്കുകൾ ഒരുപാട്. രാവിലെ മുതൽ അരിഞ്ഞും പെറുക്കിയും, വറത്തും കോരിയും, എടുത്തും പിടിച്ചും അങ്ങനെ അണയാതെ എരിയുന്ന തീയിൽ പാകമായി വാങ്ങിവെക്കുന്ന വിഭവങ്ങൾ ഏറെ അവസാനം അത് ഇലയിലേക്ക് എത്തുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു മണമായിരുന്നു.
തൂശനിലക്ക് മറ്റുള്ളവരുടെ വാഴയുടെ ഇലയും എടുത്ത് കുളിയും കഴിഞ്ഞ് ചമ്രംപടിഞ്ഞ് ഇരുന്ന് സദ്യ കഴിച്ചെണീക്കുമ്പോൾ ഏതാണ്ട് മാവേലി തമ്പുരാന്റെ കുഞ്ഞുവയറുപോലെ ആയി കഴിഞ്ഞു രൂപം. പിന്നെ അടുത്തവീട്ടിലെ അമ്മ വിളിക്കുമ്പോൾ അവിടെയും പോകും.
ഇല്ലാത്ത സ്ഥലത്ത് പറ്റുന്നത് തള്ളിക്കയറ്റും. അതുകഴിഞ്ഞ് പിന്നെ എത്തുന്നത് കുംഭകർണനാണ്. അദ്ദേഹത്തെ സേവിച്ച് ഒരു ഉറക്കവും കഴിഞ്ഞ് എണീറ്റാൽ വീണ്ടും അടുത്ത പ്രോഗ്രാമിനുള്ള ഒരുക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.