മനാമ: ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിലൂടെ കൊല്ലം സ്വദേശിക്ക് അക്കൗണ്ടിൽനിന്ന് നഷ്ടമായത് 4650 ദിനാർ (10 ലക്ഷം രൂപയോളം). ബഹ്റൈനിൽ ബിസിനസ് നടത്തുന്ന അജീഷിന് തന്റെ അക്കൗണ്ടിൽനിന്നും കമ്പനിയുടെ പേരിലുള്ള അക്കൗണ്ടിൽനിന്നുമാണ് പണം നഷ്ടപ്പെട്ടത്. ഒക്ടോബർ ഏഴാം തീയതി രാത്രി 12ന് മൊബൈലിലേക്ക് വാട്സ്ആപ് കാൾ വന്നു. രാവിലെയാണ് മിസ്ട് കാൾ ശ്രദ്ധയിൽപെട്ടത്. ഒപ്പം മെസേജ് ബോക്സിൽ അക്കൗണ്ടിൽനിന്ന് പലതവണയായി പണം പിൻവലിച്ചതായി ശ്രദ്ധയിൽപെട്ടു.
തന്റെ അറിവോ ബാങ്കിന് നിർദേശമോ നൽകാതെ പണം നഷ്ടപ്പെട്ടതിന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ഇറങ്ങുമ്പോഴാണ് കമ്പനി അക്കൗണ്ടിൽനിന്ന് സമാനമായി പണം പിൻവലിച്ചതായി മെസേജ് വന്നത്. ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ടിൽനിന്നും ട്രാൻസാക്ഷൻ ബ്ലോക്ക് ചെയ്തു. ഈ സംഭവം കഴിഞ്ഞ്, ഒക്ടോബർ 14ന് കമ്പനി അക്കൗണ്ടിൽനിന്നും 25 തവണകളായി പണം പിൻവലിച്ചിരിക്കുന്നതായി ബാങ്കിൽനിന്നും മെസേജ് വന്നു. ഉടനെ ബാങ്കിലെത്തി സ്റ്റേറ്റ്മെന്റ് എടുത്ത് പരശോധിച്ച് ബാങ്ക് അക്കൗണ്ട് പൂർണമായും മരവിപ്പിച്ചു. ബാങ്കിൽനിന്നും ഇറങ്ങിയ സമയത്ത് 15 തവണകളായി വീണ്ടും പണം പിൻവലിച്ചതായി മെസേജ് വന്നു. രണ്ടാം തവണ ആകെ 3960 ദിനാർ കമ്പനി അക്കൗണ്ടിൽനിന്നും നഷ്ടപ്പെട്ടു.
ഫൗരി പ്ലസ് നിയമമനുരിച്ച് നൂറ് ദിനാറിന് താഴെ ട്രാൻസ്ഫർ ചെയ്യുമ്പോൾ ഒ.ടി.പി ആവശ്യമില്ലാത്തതു കൊണ്ട് തുക തിരികെയെത്തിക്കാൻ ബാധ്യതയില്ലെന്ന രീതിയിലാണ് ബാങ്കിന്റെ മറുപടിയെന്ന് അജീഷ് പറയുന്നു. വാട്സ്ആപ് കാളിലെ നമ്പറും പ്രൊഫൈൽ ഫോട്ടോയും അജീഷ് ആദ്യതവണ പരാതി നൽകിയപ്പോൾതന്നെ സ്റ്റേഷനിൽ നൽകിയിരുന്നു. ഇതിനിടെ കേസുമായി ബദ്ധപ്പെട്ട് പേഴ്സനൽ അക്കൗണ്ടിൽനിന്നും നഷ്ടപ്പെട്ട പണം തിരികെ നൽകി കേസ് അവസാനിപ്പിക്കാമെന്ന രീതിയിൽ ഒരു ടീം തന്നെ വിളിച്ചതായി അജീഷ് പറയുന്നു. എന്നാൽ, തനിക്ക് രണ്ട് അക്കൗണ്ടുകളിൽനിന്നുമായി നഷ്ടപ്പെട്ട മുഴുവൻ തുകയും ലഭിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് അജീഷ് പറഞ്ഞു. ബാങ്കിൽനിന്ന് കൃത്യമായ ഇടപെടലോ, നടപടികളോ ഇല്ലാത്തതിനാൽ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനെ സമീപിച്ചിരിക്കുകയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.