മനാമ: കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദം. പ്രവാസി ലീഗൽ സെൽ, അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
നിലവിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തരമോ അപേക്ഷ നൽകണമായിരുന്നു. ഇതുമൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ പ്രവാസികളാണ്. കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓൺലൈൻ ആർ.ടി.ഐ പോർട്ടലുകൾ ഉണ്ടെങ്കിലും സംസ്ഥാനങ്ങളിൽ ഓൺലൈൻ ആർ.ടി.ഐ പോർട്ടലുകൾ നിലവിലില്ലെന്നും ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന പെരുമപറയുന്ന കേരളത്തിലും ഓൺലൈൻ ആർ.ടി.ഐ പോർട്ടലുകൾ ഇല്ല. കോവിഡ് കാലത്തു റദ്ദുചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയിൽനിന്ന് പ്രവാസികൾക്കനുകൂലമായി നിരവധി കോടതിവിധികൾ പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിലൂടെ നേടിയെടുക്കാനായിട്ടുണ്ട്. അർഹരായ പ്രവാസികൾക്ക് വിദേശരാജ്യത്തും ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമസഹായം ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.