മനാമ: നവംബർ മൂന്ന്, നാല് തീയതികളിൽ ബഹ്റൈൻ പ്രതിഭ നടത്തുന്ന പാലം -ദി ബ്രിഡ്ജ് 2022 എന്ന കേരള-അറബ് സാംസ്കാരിക വിനിമയ പരിപാടിയുടെ ലോഗോ പ്രകാശനം ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരിക്ക് കൈമാറി പരിപാടിയുടെ കൺവീനർ സുബൈർ കണ്ണൂർ നിർവഹിച്ചു. ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു.
പാലം -ദി ബ്രിഡ്ജ് ധനകാര്യ കൺവീനർ മഹേഷ് യോഗി ദാസ്, വളന്റിയർ ക്യാപ്റ്റൻ രാജേഷ് ആറ്റഡപ്പ, കലാവിഭാഗം കൺവീനർ അനഘ, ജോ. സെക്രട്ടറി പ്രജിൽ മണിയൂർ, വൈസ് പ്രസിഡന്റ് ഡോ. ശിവകീർത്തി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷെരീഫ് കോഴിക്കോട്, റാം ബിനു മണ്ണിൽ, ലിവിൻ കുമാർ, എൻ.കെ. വീരമണി തുടങ്ങിയവർ പങ്കെടുത്തു.
കലാകാരന്മാരായ അതുൽ നറുകര, പ്രസീത ചാലക്കുടി, സൂഫി സംഗീതജ്ഞർ സമീർ ബിൻസി എന്നിവരുടെ ടീം ബഹ്റൈൻ കേരളീയ സമാജത്തിൽ ഒരുക്കുന്ന വേദിയിൽ പങ്കെടുക്കും. മൂന്നിന് വൈകീട്ട് എട്ടുമുതൽ വെള്ളിയാഴ്ച രാത്രി 10 വരെ തിറ, തെയ്യം, പടയണി, കോൽക്കളി, മുട്ടിപ്പാട്ട് തുടങ്ങിയ കേരളീയ നാടൻകലാരൂപങ്ങളും അറബിക് കലാപരിപാടികളും അരങ്ങേറും.
ബേക്കൽ കോട്ട, മിഠായി തെരുവ്, മട്ടാഞ്ചേരി ജൂത തെരുവ്, ബഹ്റൈൻ ട്വിൻ ടവർ, ബാബുൽ ബഹ്റൈൻ തുടങ്ങിയ കേരളത്തിന്റെയും ബഹ്റൈന്റെയും ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ പുനർനിർമിക്കാനുള്ള ശ്രമം നടത്തിവരുകയാണെന്ന് സംഘാടകർ അറിയിച്ചു. ഫുഡ് സ്റ്റാളുകൾക്കൊപ്പം ചരിത്ര, ചിത്ര, കരകൗശല, പുസ്തക, ശാസ്ത്ര പ്രദർശന സ്റ്റാളുകളും പാവകളി, മാജിക്, സൈക്കിൾ ബാലൻസ് എന്നീ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രതിഭയുടെ 26 യൂനിറ്റുകൾ, 13 സബ് കമ്മിറ്റികൾ എന്നിവ ചേർന്ന ഘോഷയാത്രയും സമാജം, കെ.എ.സി.എ ഹാൾ എന്നിവിടങ്ങളിൽ നടത്തും.
കേരളത്തിലെയും ബഹ്റൈനിലെയും മന്ത്രിമാർ, ഇന്ത്യൻ അംബാസഡർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. പരിപാടി സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി. ശ്രീജിത്, ജനറൽ കൺവീനർ സുബൈർ കണ്ണൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.