മനാമ: 2024 ലെ പാരിസ് ഒളിമ്പിക്സിൽ ബഹ്റൈന്റെ സ്വർണ പ്രതീക്ഷകൾ നിലനിർത്തി വിൻഫ്രെഡ് യാവിക്ക് മികച്ച തുടക്കം. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ മികച്ച സമയത്തോടെ യാവി അടുത്ത റൗണ്ടിലേക്ക് കാലെടുത്തു വെച്ചു.
റൗണ്ട് ഒന്നിലെ ഹീറ്റ് രണ്ടിൽ മത്സരിച്ച യാവി 9:15.11 എന്ന മികച്ച സമയത്തോടെ ഒന്നാമതെത്തി. ഇത്യോപ്യയുടെ സെംബോ അൽമയ്യൂ 9:15.42 സമയവുമായി രണ്ടാം സ്ഥാനത്തെത്തി.
യു.എസിലെ വലേരി കോൺസ്റ്റിൻ 9:16.33 ന് മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ പാറുൾ ചൗധരിക്ക് ഹീറ്റ്സിൽ എട്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുളളു. അത്ലറ്റിക്സ്, ജൂഡോ, നീന്തൽ, ഭാരോദ്വഹനം, ഗുസ്തി എന്നിവയുൾപ്പെടെ അഞ്ച് കായിക ഇനങ്ങളിലായി 14 അത്ലറ്റുകളുടെ ടീമാണ് ബഹ്റൈനെ പ്രതിനിധീകരിക്കുന്നത്. അന്താരാഷ്ട്ര മീറ്റുകളിൽ ശക്തമായ ഫിനിഷുകളാണ് വിൻഫ്രെഡ് യാവിയുടെ പ്രത്യേകത. ഡയമണ്ട് ലീഗിലും ലോക ചാമ്പ്യൻഷിപ്പിലും യാവി മികച്ച ഫോമാണ് പ്രകടിപ്പിച്ചത്.
2023-ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സീസണിലെ ഏറ്റവും വേഗതയേറിയ സമയങ്ങളിലൊന്നായ 8:50.56 കുറിച്ച് യാവി സ്വർണ മെഡൽ നേടി. 2023 ലെ റോം ഡയമണ്ട് ലീഗിൽ 9:05.03 ആയിരുന്നു യാവിയുടെ സമയം. നിലവിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് യാവി. ടോക്യോ ഒളിമ്പിക്സിൽ 10-ാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി യാവി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മെഡൽ പ്രതീക്ഷയായിരുന്ന കെമി അദെക്കോയ പരിക്കിനെത്തുടർന്ന് പിൻവാങ്ങിയത് ക്യാമ്പിനെ ശോകമൂകമാക്കി. പരിശീലന സമയത്താണ് അദെക്കോയക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.