മനാമ: ദേശീയ ദിനമാഘോഷിക്കുന്ന പശ്ചാത്തലത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബഹ്റൈൻ ജനതക്കും ബഹ്റൈനിലെ പ്രവാസി സമൂഹത്തിനും മന്ത്രിസഭ ആശംസകൾ നേർന്നു.
രാജ്യത്തിന്റെ പുരോഗതിയും വളർച്ചയും അടയാളപ്പെടുത്തിയ വർഷങ്ങളാണ് കഴിഞ്ഞുപോയത്. സ്വദേശികളോടൊപ്പം പ്രവാസി സമൂഹവും രാജ്യത്തിന്റെ ദേശീയ ദിനാഘോഷ പരിപാടികളിൽ ഭാഗമാകുന്നതിന്റെ സന്തോഷവും പങ്കുവെച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണ ദിനവും ഇതോടനുബന്ധിച്ച് ആഘോഷിക്കുന്നുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ച് 6800 പാർപ്പിട യൂനിറ്റുകൾ അർഹരായവർക്ക് നൽകാനും കാബിനറ്റ് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് പാർപ്പിടകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനുമായി ജീവത്യാഗംചെയ്ത ധീര ദേശാഭിമാനികളെയും രക്തസാക്ഷിദിനാചരണ വേളയിൽ കാബിനറ്റ് അനുസ്മരിച്ചു. അവരുടെ ത്യാഗങ്ങൾ രാജ്യം എന്നും ഓർക്കും.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈൻ പ്രതിനിധികൾ പങ്കെടുത്ത ഖത്തറിൽ നടന്ന ജി.സി.സി 44 ാമത് ഉന്നതാധികാര സമിതി യോഗതീരുമാനങ്ങളെ കാബിനറ്റ് സ്വാഗതം ചെയ്തു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒത്തൊരുമയും സഹകരണവും ശക്തിപ്പെടുത്താൻ ഇതുപകരിക്കുമെന്ന് വിലയിരുത്തുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളി രാവിലെ സംഘടിപ്പിച്ച മിഡിലീസ്റ്റ് അയേൺ മാൻ 70.3 മത്സരങ്ങൾ വിജയകരമായി സമാപിച്ചതിനെ കാബിനറ്റ് അഭിനന്ദിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവും യുവജന, ചാരിറ്റി കാര്യങ്ങൾക്കുമായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ കീഴിൽ ഉജ്ജ്വലമായി നടന്ന പരിപാടിയുടെ സംഘാടകർക്ക് കാബിനറ്റ് പ്രത്യേകം ആശംസ അറിയിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര അറബ് സൈബർ സുരക്ഷാ സമ്മേളനം കിരീടാവകാശിക്ക് പകരം ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്യുകയും വിജയകരമായി പരിസമാപിക്കുകയും ചെയ്തതായി കാബിനറ്റ് വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയി പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.