മനാമ: ബഹ്റൈനിലെ സർട്ടിഫൈഡ് കൗൺസലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം എല്ലാ വർഷവും നൽകിവരുന്ന കർമജ്യോതി പുരസ്കാരത്തിന് ഈ വർഷം ബഹ്റൈനിലെ സാമൂഹിക പ്രവർത്തന രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിവരുന്ന മനോജ് വടകരയെ തിരഞ്ഞെടുത്തതായി പി.ജി.എഫ് ഭാരവാഹികള്‍ അറിയിച്ചു. ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്.വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി.വി. രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി. ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.
ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. പി.ജി.എഫ് ജുവൽ അവാർഡ് ഇ.കെ. സലീമിനും പി.ജി.എഫ് പ്രോഡിജി അവാർഡ് ജയശ്രീ സോമനാഥ്, മുഹ്സിന മുജീബ് എന്നിവർക്കും നൽകും. ബിജു തോമസ്, ബിനു ബിജു എന്നിവരാണ് മികച്ച ഫാക്വൽറ്റി പുരസ്കാരത്തിന് അർഹരായത്. മികച്ച മെന്ററായി ഉണ്ണികൃഷ്ണനും മികച്ച കൗൺസിലറായി ലീബ ചെന്തുരുത്തിയും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനക്കുള്ളിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ഫാസിൽ താമരശ്ശേരിക്ക് സമ്മാനിക്കും. പി.ജി.എഫ് നടത്തിവരുന്ന യൂത്ത് ലീഡർഷിപ് പ്രോഗ്രാമിൽ മികച്ച അവതരണം നടത്തുന്ന വിദ്യാർഥികൾക്കുള്ള മെഡലുകളും പരിപാടിയിൽ വിതരണം ചെയ്യും.
ഫെബ്രുവരി രണ്ടിന് സഗയയിലെ കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ നടക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പതിനഞ്ചാം വാർഷിക യോഗത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു.
പ്രശസ്ത കൗണ്‍സലിങ് വിദഗ്ധന്‍ ഡോ. ജോണ്‍ പനക്കല്‍ ചെയര്‍മാനും മാധ്യമപ്രവര്ത്തകന് പ്രദീപ് പുറവങ്കര വര്‍ക്കിങ് ചെയര്‍മാനുമായുള്ള അഡ്വൈസറി ബോര്‍ഡിന്റെ കീഴില്‍ ലത്തീഫ് കോലിക്കൽ പ്രസിഡന്റും വിമല തോമസ് ജനറല്‍ സെക്രട്ടറിയുമായുള്ള 25 അംഗ നിര്‍വാഹക സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തെ നയിക്കുന്നത്. കൗൺസലിങ് രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പി.ജി.എഫ് നടത്തിവരുന്നുണ്ട്. കൗണ്‍സലിങ്ങില്‍ ഡിപ്ലോമ നേടിയ 150ഓളം സജീവ അംഗങ്ങളാണ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.