മനാമ: കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ ആവിഷ്കരിച്ച ജനമൈത്രി പൊലീസിനെ പിണറായി വിജയൻ ഭരണം ജനവിരുദ്ധ ക്രിമിനൽ പൊലീസാക്കി മാറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പൊലീസ് ജനവിരുദ്ധമായതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കിളികൊല്ലൂർ സംഭവം. കേരളത്തിൽ ഇടതുഭരണത്തിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന പൊലീസിന്റെ ക്രിമിനൽ പ്രവർത്തനത്തിന്റെ ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ നടന്നിട്ടുള്ളത്. രാജ്യത്തിന്റെ അതിർത്തികാക്കുന്ന ഒരു സൈനികനുപോലും രക്ഷയില്ലെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന ഗൗരവകരമായ ചോദ്യമാണ് കിളികൊല്ലൂർ സംഭവം ഉയർത്തുന്നത്. കോഴിക്കോട് ഒരു വിമുക്തഭടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ച് അതിഗുരുതരമായ രീതിയിൽ ആക്രമിക്കാൻ നേതൃത്വംകൊടുത്തത് ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്നു. കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ ആക്രമണത്തിന് നേതൃത്വം കൊടുത്തത് പൊലീസാണ്. നീതി ലഭിക്കേണ്ടിടത്ത് ജീവൻപോലും ബാക്കി നൽകില്ല എന്ന അവസ്ഥയിലേക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ മാറി.
പരിഷ്കൃതസമൂഹത്തിന് ഒട്ടും യോജിക്കാത്ത ഒരുവിഭാഗമായി കേരള പൊലീസിനെ മാറ്റിയതിനുള്ള പ്രധാന ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കാണ്. പൊലീസ് സേനയിൽ ഭരണകൂടത്തിന്റെ നിയന്ത്രണം സമ്പൂർണമായി നഷ്ടപ്പെടുകയും പാർട്ടിയിലെയും പൊലീസിലെയും ക്രിമിനൽ മനോഭാവത്തിന് കീഴ്പ്പെടുന്ന ഒരുവിഭാഗത്തിന്റെ കൈകളിലേക്ക് പൊലീസ് സംവിധാനം മുഴുവൻ മാറുകയും ചെയ്തു. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം മയക്കുമരുന്നാണ്. മയക്കുമരുന്ന് വ്യാപനം നിയന്ത്രിക്കാൻ ഒരു നടപടിപോലും പൊലീസ് സ്വീകരിക്കുന്നില്ല. കേരളത്തെ നിക്ഷേപകരുടെ ഹബ്ബാക്കി മാറ്റാൻ വിദേശയാത്രക്ക് നേതൃത്വം കൊടുക്കുന്ന ഭരണകൂടം സംസ്ഥാനത്തെ ആഗോള ലഹരിയുടെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണ്. 2016ൽ എൻ.ഡി.പി.എസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5600 ആയിരുന്നു. എന്നാൽ, 2022 ജൂൺ വരെയുള്ള കണക്കനുസരിച്ച് കേസുകളുടെ എണ്ണം 11,900 ആയി ഉയർന്നു. രജിസ്റ്റർ ചെയ്യപ്പെടാത്ത കേസുകൾ ഇതിലധികമാണ്.
സ്കൂളുകളിലും കവലകളിലും പൊതുയിടങ്ങളിലും ലഹരിയുടെ ഉപയോഗം വ്യാപകമായി വർധിച്ചു. പൊലീസിന്റെ വീഴ്ചയും ക്രിമിനൽ മനോഭാവവും ഇതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇതിനെതിരെ രാഷ്ട്രീയത്തിനതീതമായി പോരാടേണ്ട സമയമാണ്. സ്ഥിരം കുറ്റവാളികളെ പൂട്ടുന്നതിന് നിയമത്തിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിർഭാഗ്യവശാൽ സർക്കാറിന്റെ ശ്രദ്ധ ഇത്തരം കാര്യങ്ങളിലല്ല എന്നത് ഏറെ ഗൗരവകരമാണ്. ലഹരിയെ നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ സർക്കാറിന് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാത്താസമ്മേളനത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി. ഷമീം, ജനറൽ സെക്രട്ടറി സി.കെ ബിജുബാൽ, ജനറൽ കൺവീനർ സുമേഷ് ആനേരി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.