മനാമ: ക്യു.എസ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ബഹ്റൈനിൽനിന്ന് ഇടംനേടിയത് മൂന്ന് സർവകലാശാലകൾ. മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ക്യൂ.എസ് സർവകലാശാല റാങ്കിങ്ങുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച ശിൽപശാലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അപ്ലൈഡ് സയൻസസ് യൂനിവേഴ്സിറ്റി (റാങ്ക് 561-570), അൽ അഹ്ലിയ യൂനിവേഴ്സിറ്റി (651-700), ബഹ്റൈൻ യൂനിവേഴ്സിറ്റി (801-1000) എന്നിവയാണ് റാങ്കിങ് പട്ടികയിൽ സ്ഥാനംപിടിച്ചത്. ലോകത്തിലെ സർവകലാശാലകളെ മികവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന സംവിധാനമാണ് ക്യൂ.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്.
ബഹ്റൈനിലെ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്യൂ.എസ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ഇടംനേടാൻ പ്രാപ്തരാക്കുന്നതിനാണ് ശിൽപശാല സംഘടിപ്പിച്ചത്.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറൽ ശൈഖ റാണ ബിൻത് ഈസ ബിൻ ദൈജ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടത്തിയ ശിൽപശാലയിൽ ക്യൂ.എസ് യൂനിവേഴ്സിറ്റി റാങ്കിങ് റീജനൽ ഡയറക്ടർ ആഷിയോൺ ജെറോം സന്നിഹിതനായിരുന്നു. വിവിധ പ്രാദേശിക സർവകലാശാലകളിൽനിന്നുള്ള അഡ്മിനിസ്ട്രേറ്റർമാരും അക്കാദമിക വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് ബഹ്റൈനിലെ സ്ഥാപനങ്ങൾക്ക് പരിചയപ്പെടാനും വിലയിരുത്താനുമുള്ള അവസരമാണ് ശിൽപശാല ഒരുക്കിയതെന്ന് ഡോ. ശൈഖ റാണ പറഞ്ഞു. ഓരോ സ്ഥാപനത്തിനും തങ്ങളുടെ കഴിവും നിലവാരവും അവലോകനം ചെയ്യാനും സാധിച്ചു.
ഉന്നതപഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾ സർവകലാശാലയുടെ റാങ്കിങ്ങും പ്രശസ്തിയുമാണ് ആദ്യം പരിഗണിക്കുന്നത്. ഉയർന്നനിലവാരമുള്ള സർവകലാശാലയിൽ പഠിക്കുന്നത് വിദ്യാർഥികളുടെ ആത്മവിശ്വാസവും വർധിപ്പിക്കും.
അക്കാദമിക വിദഗ്ധരും മറ്റ് ജീവനക്കാരും ഇത്തരം സർവകലാശാലകളിൽ ജോലിചെയ്യാനാണ് ആഗ്രഹിക്കുക. ഇത് അവരുടെ കരിയറിൽ കൂടുതൽ മികവ് പുലർത്താൻ സഹായിക്കും.
ബഹ്റൈനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തെ ആഷിയോൺ ജെറോം പ്രശംസിച്ചു. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിനൊപ്പം നിൽക്കാൻ സർവകലാശാലകൾക്ക് കഴിയുന്നുണ്ട്. വിദ്യാർഥികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യാനും തൊഴിൽ വിപണിയിലേക്കാവശ്യമായ യോഗ്യതകൾ നേടാൻ സഹായിക്കുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.