മനാമ: അനുമതിയില്ലാതെ ഫണ്ട് സ്വരൂപിക്കൽ, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾക്ക് നാലു പേർ പിടിയിലായി. 33 ലക്ഷത്തിലധികം ദിനാറാണ് ഇവർ കൈക്കലാക്കിയത്. വിവിധ രാജ്യക്കാരാണ് നാല് പ്രതികളും.
ഇവരിൽ ഒരാൾ അന്താരാഷ്ട്ര ക്രിമിനൽ റെക്കോഡുള്ളയാളും നേരത്തേ സമാനമായ കേസിൽ പിടിയിലായ ആളുമാണ്. നാഷനൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണപ്രകാരം അന്താരാഷ്ട്ര കുറ്റവാളി വ്യാജരേഖ ചമച്ചാണ് ബഹ്റൈനിലെത്തിയത്.
നിക്ഷേപത്തിലൂടെ വരുമാനം വർധിപ്പിക്കാനാണെന്ന് ഓഫർ നൽകി പലരിൽനിന്നും പണം കൈക്കലാക്കുകയായിരുന്നു. ഔദ്യോഗിക അനുമതിയില്ലാതെയാണ് ഫണ്ട് സമാഹരണം നടത്തിയിരുന്നത്. മൂന്ന് പ്രതികളും പ്രധാന പ്രതിയെ കമ്പനി സ്ഥാപിക്കുന്നതിനും വ്യാജരേഖകൾ ചമക്കുന്നതിനും സഹായിക്കുകയായിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും വ്യാജ കമ്പനി രേഖകളും പ്രോസിക്യൂഷൻ പരിശോധിച്ചു. നിയമനടപടികൾക്കായി കോടതിയിലേക്ക് കേസ് റഫർ ചെയ്തിട്ടുണ്ട്. 14 ദിവസം ഇവരെ റിമാൻഡിൽ വെക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ജൂലൈ 14ന് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.