മനാമ: കോവിഡ് മഹാമാരിയിൽനിന്നുള്ള മനുഷ്യരാശിയുടെ അതിജീവനത്തിന്റെ കഥ നൃത്താവിഷ്കാരമായി രംഗത്തെത്തുന്നു. ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന മേയ്ദിനാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത അഭിനേത്രി ജയ മേനോനും സംഘവുമാണ് 'പുനർജനി'എന്ന പേരിൽ നൃത്താവിഷ്കാരം അവതരിപ്പിക്കുന്നത്.
ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വൻ മുന്നേറ്റം നടത്തിയ മാനവരാശിയെ, അവർ എത്രമാത്രം നിസ്സഹായരാണെന്നു ബോധ്യപ്പെടുത്തിയ സാഹചര്യമായിരുന്നു കോവിഡ് മഹാമാരി ഉണ്ടാക്കിയത്.
ലോകത്തെ തങ്ങളുടെ വരുതിയിലാക്കിയെന്ന് അഹങ്കരിച്ച വൻശക്തികൾ വരെ ഒരു കുഞ്ഞൻ സൂക്ഷ്മാണുവിന് മുന്നിൽ ദയനീയമായി കീഴടങ്ങുന്ന കാഴ്ച ഈ കാലഘട്ടം കാണിച്ചുതന്നു. ഈ രോഗകാലം പുതിയൊരു ജീവിത ശൈലി തന്നെ രൂപപ്പെടുത്തി. മരണങ്ങളും ഏകാന്തവാസവും സമ്മാനിച്ച ആ ദുരന്ത നാളുകളിൽനിന്നും ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ മാനവരാശി പതുക്കെ ഉയിർത്തെഴുന്നേൽക്കുന്നതാണ് നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നത്.
35 കലാകാരൻമാർ അണിനിരക്കുന്ന പുനർജനി വിവിധ ഇനത്തിലുള്ള നൃത്ത രൂപങ്ങളിലൂടെയാണ് അരങ്ങിലെത്തുന്നത്. ആശയവും സംവിധാനവും ജയാമേനോ. സുന്ദർ ബാലഗോപാൽ, ശ്യാം രാമചന്ദ്രൻ, നീതു ജനാർദനൻ എന്നിവർ കൊറിയോഗ്രഫി. ഇന്ത്യൻ ക്ലബിൽ വൈകീട്ട് 6.30നാണ് പരിപാടി തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.