മനാമ: റഷ്യയുമായുള്ള ദീർഘകാല ബന്ധം ശക്തമാക്കിക്കൊണ്ട് ബഹ്റൈൻ ഏഴ് കരാറുകളിൽ ഒപ്പുവെച്ചു. മോസ്കോയിലെ ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഹമദ് രാജാവുമായി നടന്ന ചർച്ചകളെത്തുടർന്നാണ് സഹകരണം ശക്തമാക്കാനുള്ള തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 35ാം വാർഷികം അടുത്തവർഷം ആഘോഷിക്കാനിരിക്കെയാണ് സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള നയതന്ത്രപരമായ തീരുമാനം.
ബഹ്റൈൻ ആതിഥേയത്വം വഹിച്ച 33ാമത് അറബ് ഉച്ചകോടിയുടെ ഫലങ്ങളെക്കുറിച്ചറിയാനുള്ള തന്റെ താൽപര്യം പ്രകടിപ്പിച്ച റഷ്യൻ പ്രസിഡന്റ് നിക്ഷേപ, വ്യാപാര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവും നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ 30 വൻകിട പദ്ധതികളാണ് പ്രഖ്യാപിച്ചത്. 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപ പാക്കേജുമുണ്ടെന്ന് പുടിൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണവും ശക്തിപ്പെടുത്തും.
അടുത്ത വർഷം ബഹ്റൈനിൽ റഷ്യൻ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിൽ വിദ്യാഭ്യാസ രംഗത്ത് ശക്തമായ സഹകരണം നിലവിലുണ്ട്.
തന്നെ ക്ഷണിച്ച റഷ്യൻ പ്രസിഡന്റിന് നന്ദി പറഞ്ഞ ഹമദ് രാജാവ്, സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് അറബ് ഉച്ചകോടി സംബന്ധിച്ച് അദ്ദേഹവുമായി ആശയവിനിമയം നടത്തുകയാണെന്ന് വ്യക്തമാക്കി. അറബ് രാജ്യങ്ങൾ ലക്ഷ്യംവെക്കുന്ന പരിപാടികളോടുള്ള റഷ്യയുടെ പിന്തുണയെയും ഐക്യദാർഢ്യത്തെയും ഹമദ് രാജാവ് അഭിനന്ദിച്ചു. അന്താരാഷ്ട്ര സമാധാന സമ്മേളനം സംഘടിപ്പിക്കാനുള്ള അറബ് ഉച്ചകോടി തീരുമാനത്തെ രാജാവ് എടുത്തുപറഞ്ഞു. ബഹ്റൈനിൽ ഈ സമ്മേളനം നടത്തണമെന്നാണ് താൽപര്യം.
ഫലസ്തീൻ പ്രശ്നം പരിഹരിക്കാനും സിവിലിയന്മാർക്ക് മാനുഷിക സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ലഭ്യമാക്കുന്നതിലും റഷ്യൻ സഹായത്തിനും ഇടപെടലിനും അതീവ പ്രാധാന്യമുണ്ട്. ഇക്കാര്യത്തിൽ ആശാവഹമായ തീരുമാനം ഉണ്ടാകുമെന്ന ആത്മവിശ്വാസവും ചർച്ചക്കുശേഷം അദ്ദേഹം പങ്കുവെച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച വ്ലാദിമിർ പുടിനെ ഹമദ് രാജാവ് അഭിനന്ദിച്ചു.
ഏഴ് സഹകരണ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു
സഹകരണം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ബഹ്റൈൻ-റഷ്യൻ ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ധാരണാപത്രം വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയും റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുരാഷ്കോയും ഒപ്പുവെച്ചു.
ഫാർമസ്യൂട്ടിക്കൽ നിർമാണത്തിൽ സഹകരണം വർധിപ്പിക്കുന്നതിനായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയും (NHRA) റഷ്യൻ വ്യവസായ വാണിജ്യ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയവും റഷ്യൻ ഗതാഗത മന്ത്രാലയവും തമ്മിൽ ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴിയിലൂടെയുള്ള ചരക്കുനീക്കം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പുവെച്ചു.
റഷ്യൻ സീസൺസ് പ്രോഗ്രാം നടപ്പിലാക്കുന്നത് സംബന്ധിച്ച് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസും (ബാക്ക) റഷ്യൻ സാംസ്കാരിക മന്ത്രാലയവും തമ്മിൽ സഹകരിക്കും. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റും (എസ്.സി.ഇ) റഷ്യൻ റോസ് കോൺഗ്രസ് ഫൗണ്ടേഷൻ ഫോർ എക്സ്പെർട്ട് ആൻഡ് അനലിറ്റിക്കൽ വർക്കും ഫാൽക്കൺ സെന്റർ ‘കംചത്ക’യും തമ്മിൽ അപൂർവയിനം പക്ഷികളെ സംരക്ഷിക്കുന്നതിൽ ധാരണാപത്രം ഒപ്പുവെച്ചു. ഉഭയകക്ഷി നയതന്ത്രബന്ധം വർധിപ്പിക്കുന്നതിനും നയതന്ത്രജ്ഞരുടെ പ്രഫഷനൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലും സഹകരിക്കും.
ഹമദ് രാജാവ് റഷ്യൻ ഫെഡറൽ അസംബ്ലി സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.