മനാമ : ശബരിമല വിഷയം ആളിക്കത്തിച്ചതിന് പിന്നിൽ സംഘപരിവാർ ആണെന്ന് ഡി.എം.കെ നേതാവും കവിയത്രിയുമായ കനിമൊഴി പറഞ്ഞു. ദ്രാവിഡ കുടുംബ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനില്‍ എത്തിയ അവര്‍ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ശബരിമല വിഷയത്തിൽ മുതലെടുപ്പ് നടത്തി സംഘ്പരിവാർ തീയാളിക്കത്തിക്കുകയായിരുന്നെന്നും കനിമൊഴി ആരോപിച്ചു. കേരളം എല്ലായ്പ്പോഴും ഒരു പുരോഗമന സംസ്ഥാനമാണ്. ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് രാഷ്ട്രീയമോ അല്ലാത്തതോ ആയ സമ്മർദങ്ങൾക്ക് വഴങ്ങാത്തതാണെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു. ജാതി, വംശം, നിറം, ലിംഗം എന്നിവയുടെ പേരില്‍ ജനങ്ങള്‍ക്ക് ആരാധന സ്ഥലം, പാര്‍ലമെൻറ്, വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളിൽ ഒരുകാരണവശാലും പ്രവേശനം നിഷേധിക്കരുത്. ലോക്സഭയിലേക്ക് മത്സരിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞ കനിമൊഴി പാര്‍ടി നേതൃത്വമാണ് ഇക്കാര്യം വ്യക്തമായി തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഭരണമില്ലാത്ത അവസ്ഥയാണ്.
ഡിഎംകെയില്‍ അഭ്യന്തര പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഡി.എം.കെ തമിഴ്നാട്ടിൽ ഭരണത്തിൽ തിരിച്ചുവരും. നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിലും ഡി.എം.കെ വിജയിക്കും. യഥാർഥത്തിൽ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഭരണം കുത്തഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തിെൻറ അവകാശങ്ങൾ മന്ത്രിസഭ കേന്ദ്രത്തിന് അടിയറ വെച്ചിരിക്കുന്നു. വിദ്യഭ്യാസ മേഖല കുഴഞ്ഞുമറിഞ്ഞിരിക്കയാണ്. അഴിമതി ആരോപണങ്ങള്‍ മന്ത്രിസഭക്കെതിരെ ദിനംപ്രതി വർധിക്കുന്നു. തൂത്തുക്കുടിയിൽ മുപ്പതോളംപേരെ എന്തിെൻറ പേരിലാണ് വെടിവച്ചുകൊന്നതെന്നും കനിമൊഴി ചോദിച്ചു. ബി.െജ.പിക്ക് തമിഴ്നാട്ടിൽ ചലനം സൃഷ്ടിക്കാൻ കഴിയില്ലെന്നും ബി.ജെ.പിയുടെ തനിസ്വഭാവം തമിഴ്നാട്ടുകാർക്ക് അറിയാമെന്നും അവർ പറഞ്ഞു. ബി.െജ.പി കേന്ദ്രത്തിൽ അധികാരമേറ്റതോടെ ഭീകരവാഴ്ചക്ക് തുടക്കമായി. എല്ലാവരോടും അസഹിഷ്ണുതയാണ് സംഘ്പരിവാറിന്.
വിമർശിക്കുന്നവരോട് പ്രത്യേകിച്ച്. മതപരമായ വിവേചനങ്ങളും അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കലും വ്യാപകമാകുന്നതായും കനിമൊഴി ആരോപിച്ചു. ആൾക്കൂട്ട കൊലകൾ ബി.െജ.പി സർക്കാരിെൻറ കാലത്തെ പ്രതിഭാസമായി. രാജ്യത്ത് അങ്ങോളമിങ്ങോളം ന്യൂനപക്ഷങ്ങളും ദളിതരും സ്ത്രീകളും വേട്ടയാടപ്പെടുന്നു. പത്രപ്രവര്‍ത്തകരും എഴുത്തുകാരും കൊലചെയ്യപ്പെട്ടു. ദുരന്തമായി മാറിയ മോദി വികസനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും വിലക്കയറ്റം ഉൾപ്പെടെയുള്ള ദുരിതങ്ങൾ ജനങ്ങൾക്ക് നൽകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.