സ്ത്രീകളുടെ ഉന്നമനവും സംരക്ഷണവും എന്നും പ്രധാന ചർച്ച വിഷയങ്ങൾ തന്നെയാണ്. ചർച്ചകൾക്കപ്പുറത്തേക്ക് കാര്യങ്ങൾ കടക്കുന്നില്ല എന്ന യാഥാർഥ്യം മലയാളി ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആവർത്തിച്ച് കേൾക്കുന്ന അതിക്രമങ്ങളിൽ മനസ്സ് മരവിച്ച നമുക്കിടയിലേക്ക് ഈ കോവിഡ് കാലത്തും അത്തരം നടുക്കുന്ന വാർത്തയെത്തി.
നിർഭയ പോലുള്ള നിരവധി കേസുകൾക്ക് പിന്തുണ പ്രഖ്യാപിച്ച സ്ത്രീ ശാക്തീകരണ സംഘടനകളും വക്താക്കളും ആറന്മുളയിലെ സഹോദരിയെ മറന്നുപോയോ? സാക്ഷരതയിലും ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ലോകത്തിന് മാതൃകയായ നമ്മുടെ കേരളത്തിൽ ഇത്തരം പൈശാചിക കൃത്യം നടന്നുകൂടായിരുന്നു.
ആർക്കാണ് ഇതിെൻറ ഉത്തരവാദിത്തം? ആരോഗ്യ വകുപ്പിെൻറ അനാസ്ഥയെന്ന് ഒരു വിഭാഗം, പെൺകുട്ടിയുടെ സുരക്ഷ അവളുടെയും വീട്ടുകാരുടെയും കൈയിലാണെന്ന് വേറൊരു വിഭാഗം.
ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടന്നു കഴിയുമ്പോൾ പരസ്പരം പഴിചാരി എങ്ങുമെത്താതെ ഈ കേസും മാഞ്ഞുപോകും. കസ്റ്റഡിയിലെടുത്ത പ്രതി കുറച്ചുകാലത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങുകയോ അല്ലെങ്കിൽ ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുകയോ ചെയ്യും.
ഇതുതന്നെയാണ് കഴിഞ്ഞ കുറെ വർഷമായി നമ്മൾ കാണുന്നതും ഇനി കാണാനിരിക്കുന്നതും. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ശരീരവും മനസ്സും ഹോമിക്കപ്പെട്ട എത്ര സഹോദരിമാർ നമുക്ക് ചുറ്റുമുണ്ട്. തുടർന്നുള്ള ജീവിതം ചോദ്യചിഹ്നമായി അവശേഷിച്ചുകൊണ്ട് മനസ്സും ശരീരവും ഒരുപോലെ തളർന്ന ആ സഹോദരി ഒരു ഉദാഹരണം മാത്രം.
ക്രിമിനൽ പശ്ചാത്തലമുള്ള ഒരു വ്യക്തി എങ്ങനെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡ്രൈവർ ജോലിയിൽ പ്രവേശിച്ചു? നിയമവും വകുപ്പുമെല്ലാം കടലാസിൽ ഒതുങ്ങുമ്പോൾ സാധാരണക്കാരുടെ ജീവിതമാണ് വഴിമുട്ടുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് എന്തുമാകാമെന്ന വിശ്വാസം പലരിലും ഉടലെടുത്തിട്ടുണ്ട്. അതുതന്നെയാണ് ഇത്തരം പ്രവൃത്തികൾക്ക് അവരെ പ്രേരിപ്പിക്കുന്നതും.
നിയമം കർശനമായി പാലിക്കുന്ന ഏതൊരു രാജ്യത്തും സ്ത്രീകൾക്ക് പൂർണ പരിരക്ഷയും സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.പഴുതടച്ച നിയമ നിർവഹണത്തിലൂടെ കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നടപ്പാക്കിയാൽ ഇത്തരം ഹീന പ്രവൃത്തികൾ ആവർത്തിക്കപ്പെടുകയില്ല.
ധന്യ മേനോൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.