മനാമ: വ്യാജ ഫോൺ സന്ദേശങ്ങളിലൂടെ പണം തട്ടുന്ന സംഭവങ്ങൾ വീണ്ടും വ്യാപകമാകുന്നു. പൊലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് കുറെക്കാലമായി ഇത്തരം തട്ടിപ്പ് കുറഞ്ഞിരുന്നു. എന്നാൽ, റമദാൻ കാലമായതോടെ ഈ സംഘങ്ങൾ വീണ്ടും സജീവമായി.
കഴിഞ്ഞ ദിവസം ഒരു മലയാളിക്ക് 1200 ദീനാറാണ് അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത്. വാക്സിനേഷന്റെ കാലാവധി കഴിഞ്ഞു എന്നുപറഞ്ഞാണ് ഫോൺ വന്നത്. അത് അപ്ഡേറ്റ് ചെയ്യണമെന്നും അതിനായി ഫോണിലേക്ക് അയച്ചിരിക്കുന്ന ലിങ്കിൽ കയറണമെന്നും പറഞ്ഞു. ആദ്യം അറബിയിൽ സംസാരിച്ചയാൾ പിന്നീട് ഹിന്ദിയിലും സംസാരിച്ചു. ഫോൺ കട്ട് ചെയ്തശേഷം ലിങ്കിൽ കയറാമെന്നു പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നും അപ്പോൾ തന്നെ ലിങ്കിൽ കയറി ഫോണിൽ കിട്ടുന്ന ഒ.ടി.പി നൽകാനും പറഞ്ഞു. ഒ.ടി.പി പറഞ്ഞുകൊടുത്തയുടൻ കാൾ കട്ടാക്കി. തുടർന്ന് ബാങ്കിന്റെ മെസേജ് വന്നപ്പോഴാണ് അക്കൗണ്ടിൽനിന്ന് തുക നഷ്ടപ്പെട്ടത് മനസ്സിലായത്.
ഫോൺ തട്ടിപ്പ് വ്യാപകമായതിനെത്തുടർന്ന് പൊലീസ് കർശന നടപടി സ്വീകരിച്ചിരുന്നു. ഏഷ്യക്കാരടക്കമുള്ള സംഘത്തെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ഫോൺ സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
തട്ടിപ്പുകാർ പ്രധാനമായും സാധാരണക്കാരെയാണ് ഫോണിൽ വിളിക്കുന്നത്. ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നാണെന്ന് പറഞ്ഞ് എൽ.എം.ആർ.എ, ആരോഗ്യവകുപ്പ്, ബാങ്ക് എന്നിവിടങ്ങളിൽനിന്നാണെന്ന് ധരിപ്പിക്കും. ഇതുകേട്ട് ഭയക്കുന്ന സാധാരണക്കാർ ഇവരുടെ നിർദേശപ്രകാരം ലിങ്കിൽ കയറുകയോ ഒ.ടി.പി നൽകുകയോ ചെയ്യുമ്പോൾ തട്ടിപ്പിനിരകളാകും. പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയും തട്ടിപ്പുകാർ വിളിച്ച സംഭവങ്ങളുണ്ട്. വിശ്വാസ്യതക്കായി സർക്കാർ സ്ഥാപനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പശ്ചാത്തലത്തിലിരുന്ന് വിഡിയോ കാൾ ഉൾപ്പെടെ വിളിച്ചതായി നിരവധി പേർ പരാതിപ്പെടുന്നു.
പൊലീസിൽ പരാതി നൽകിയാലും ഓൺലൈൻ ഇടപാടായതിനാൽ പലപ്പോഴും തട്ടിപ്പുകാരെ കണ്ടെത്താൻ സാധിക്കുന്നില്ല. പലപ്പോഴും മറ്റു രാജ്യങ്ങളിലിരുന്നാകും തട്ടിപ്പുകാർ ഓപറേഷൻ നടത്തുക. സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ വിവിധ തലങ്ങളിൽ ആലോചന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മുൻകരുതൽ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അധികാരികൾ പറയുന്നു.
ഒരു ഔദ്യോഗിക സ്ഥാപനവും ഫോണിലൂടെ ഇത്തരം അപ്ഡേഷനുകൾ സംബന്ധിച്ച് വിവരങ്ങൾ കൈമാറുകയോ നിർദേശം നൽകുകയോ ചെയ്യാറില്ല. അങ്ങനെ കാൾ വന്നാൽ കട്ട് ചെയ്യുകയോ വിവരങ്ങൾ ഓഫിസിൽ നേരിട്ട് നൽകാമെന്ന് പറയുകയോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.