മനാമ: സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ നവംബർ 30നു നടത്തിയ ശാസ്ത്ര പ്രതിഭ പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്ക് അവാർഡ് വിതരണം ചെയ്തു. ബഹ്റൈൻ സൊസൈറ്റി ഓഫ് എൻജിനീയേർസ് ഹാളിൽ നടന്ന ചടങ്ങിൽ ഭാരതത്തിന്റെ 'മിസൈൽ വനിത' എന്നറിയപ്പെടുന്ന വിഖ്യാത ശാസ്ത്രജ്ഞ ഡോക്ടർ ടെസ്സി തോമസ് മുഖ്യാതിഥിയായിരുന്നു.
ബഹ്റൈൻ പ്രധാനമന്ത്രി കാര്യാലയത്തിലെ ഇൻഫർമേഷൻ ടെക്നോളജി സർവിസസ് ഡയറക്ടർ അഹമ്മദ് അൽഖയാം വിശിഷ്ടാതിഥിയായി പങ്കെടുത്തു. സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ പ്രസിഡന്റ് ഡോ. വിനോദ് മണിക്കര അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വിജ്ഞാന ഭാരതി ജോയൻറ് ഓർഗനൈസിങ് സെക്രട്ടറി പ്രവീൺ രാംദാസ്, സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. രവി വാര്യർ, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പുതുതലമുറ ശാസ്ത്ര സാങ്കേതിക രംഗത്തേക്ക് കടന്നുവരേണ്ടത് പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനായി സയൻസ് ഇന്റർനാഷനൽ ഫോറം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ടെസ്സി തോമസ് പറഞ്ഞു.
ശാസ്ത്രപ്രതിഭ പരീക്ഷ, ബഹ്റൈൻ സ്റ്റുഡന്റസ് ഇന്നൊവേഷൻ കോൺഗ്രസ് എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഡോ. ടെസ്സി തോമസ് വിതരണം ചെയ്തു.
ശാസ്ത്രപ്രതിഭ പരീക്ഷ, ബഹ്റൈൻ സ്റ്റുഡന്റസ് ഇന്നൊവേഷൻ കോൺഗ്രസ് എന്നിവയുടെ സ്കൂൾ കോഓഡിനേറ്റർമാരെ ചടങ്ങിൽ ആദരിച്ചു. സയൻസ് ഇന്റർനാഷനൽ ഫോറം ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് രജീഷ് കുമാർ നന്ദിയും പറഞ്ഞു.
ശാസ്ത്ര പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഇന്ത്യയിലെ പ്രസിദ്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, ബ്രഹ്മോസ്, ഡി.ആർ.ഡി.ഒ തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കുമെന്ന് എസ്.ഐ.എഫ് പ്രസിഡന്റ് ഡോക്ടർ വിനോദ് മണിക്കര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.