മനാമ: കടൽവഴിയുള്ള തീവ്രവാദ പ്രവർത്തനം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് കോസ്റ്റ് ഗാർഡ് മേധാവി ബ്രിഗേഡിയർ ജാസിം മുഹമ്മദ് അൽ ഗതം വ്യക്തമാക്കി.
ബഹ്റൈനിലെ യു.എസ് എംബസിയുടെ സഹകരണത്തോടെ നടത്തുന്ന സമുദ്ര മാർഗമുള്ള തീവ്രവാദ പ്രവർത്തനം തടയാനുള്ള പ്രവർത്തനത്തിനുള്ള പരിശീലനം പൂർത്തിയാക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പെഷൽ സെക്യൂരിറ്റി ഫോഴ്സ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരിശീലനം നൽകിയത്.
കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനശേഷി വർധിപ്പിക്കാനും ഭാവി ഭീഷണികൾ നേരിടാനും ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കാവശ്യമായ സുരക്ഷ ഉറപ്പാക്കാനും എല്ലാ തീവ്രവാദ പ്രവർത്തനങ്ങളിൽനിന്നും അവരെ സംരക്ഷിക്കാനും പദ്ധതി ഗുണകരമാകും.
മൂന്നാഴ്ച നീണ്ടുനിന്ന പരിശീലനമാണ് നൽകിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പരിശീലനം മനുഷ്യാവകാശ വിഷയങ്ങളെക്കുറിച്ചും പ്രാദേശിക, അന്താരാഷ്ട്ര മറൈൻ നിയമങ്ങളെക്കുറിച്ചും അവബോധം നൽകുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.