മനാമ: സിത്ര മേഖലയിൽ നാഫ്ത ടാങ്കുകളിലൊന്നിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാതകച്ചോർച്ച പരിഹരിക്കുന്നതിന് സത്വര നടപടികൾ സ്വീകരിച്ചതായി ബാപ്കോ എനർജീസ് വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചകൂടി അന്തരീക്ഷത്തിൽ പെട്രോളിന്റെ മണമുണ്ടാകും.
സിത്രയിലെ ബാപ്കോക്ക് കീഴിലെ നാഫ്ത ടാങ്കിലാണ് ചോർച്ചയുണ്ടായത്. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ച് ഇത് പരിഹരിക്കുന്നതിനുള്ള ശ്രമം ശക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ച് എമർജൻസി ടീം കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ എമർജൻസി ടീമുകൾ സജ്ജമാണ്. രാജ്യത്ത് അടുത്തിടെ അനുഭവപ്പെട്ട കനത്ത മഴ മൂലമുണ്ടായ സാങ്കേതിക തകരാറാണ് ചോർച്ചക്ക് കാരണമായതെന്നും അധികൃതർ അറിയിച്ചു.
സിത്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 വരെ ഓൺലൈൻ പഠനം
മനാമ: സിത്രയിലെ ബാപ്കോ പെട്രോൾ ടാങ്കുകളിലൊന്നിലുണ്ടായ ചോർച്ചയെ തുടർന്ന് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 വരെ ഓൺലൈൻ പഠനമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അന്തരീക്ഷത്തിൽ പെട്രോളിന്റെ മണം വ്യാപിച്ചതിനെ തുടർന്നാണ് നടപടി.
ബന്ധപ്പെട്ട അതോറിറ്റികൾ ചോർച്ച നിയന്ത്രിക്കാൻ ശ്രമിക്കുകയും വിജയത്തിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഏതാനും ദിവസംകൂടി അന്തരീക്ഷത്തിൽ ഗന്ധമുണ്ടാകുമെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിശ്ചിത സ്കൂളുകളിലെ പഠനം താൽക്കാലികമായി ഓൺലൈനിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.