മനാമ: മനുഷ്യാനുഭവത്തിന്റെ വിസ്തൃതിയിലേക്കു നിരന്തരമായി കടന്നുനിൽക്കുകയും ആ ജീവിത യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് സാഹിത്യമെന്ന് പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നമ്മളിൽനിന്ന് നമ്മെ പുറത്തുകൊണ്ടുവരുകയും നാമല്ലാത്തതിലേക്കു ജീവിതത്തെ കൊണ്ടുപോകുകയും ചെയ്യുന്ന കവാടമാണ് സാഹിത്യവും കലയും തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമർശകർപോലും ആദരിക്കുന്ന പാണ്ഡിത്യവും ധൈഷണികതയുമാണ് സുനിൽ പി. ഇളയിടത്തെ സവിശേഷമാക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. കോവിഡാനന്തരം സാഹിത്യ, സാംസ്കാരിക മേഖലയിലുണ്ടായ അനിശ്ചിതത്വത്തെ മറികടക്കാൻ സുനിൽ പി. ഇളയിടത്തിന്റെ സാന്നിധ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു. മലയാളം പാഠശാല, സാഹിത്യവേദി, പ്രസംഗവേദി, ക്വിസ് ക്ലബ് തുടങ്ങിയ ഉപവിഭാഗങ്ങളടങ്ങിയ സാഹിത്യ വിഭാഗത്തിന്റെ ഉദ്ഘാടനയോഗത്തിൽ സമാജം സാഹിത്യ വിഭാഗം മുൻ സെക്രട്ടറി ഷാനവാസ് ഖാൻ രചിച്ച 'ഇമ്പാ നസ്' എന്ന ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു. ബി.കെ.എസ് ഡി.സി അന്താരാഷ്ട ബുക്ക് ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനവും നടന്ന യോഗത്തിൽ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കൺവീനർ പ്രശാന്ത് മുരളീധർ, അനഘ രാജീവ്, അനു ബി. കുറുപ്പ്, രേണു ഉണ്ണികൃഷ്ണൻ, നന്ദകുമാർ എടപ്പാൾ, വേണുഗോപാൽ, സന്ധ്യ ജയരാജ് എന്നിവരും പങ്കെടുത്തു. സ്വാതിയും സംഘവും അവതരിപ്പിച്ച തരുണി സംഗീതനൃത്തശിൽപവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.