മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 27 ഈദ് ഗാഹുകൾ ഒരുക്കുമെന്ന് സുന്നി ഔഖാഫ് അറിയിച്ചു. പ്രവാചകചര്യ പ്രകാരമാണ് ഈദ് ഗാഹുകൾ ഒരുക്കുന്നത്. ജൂൺ 28 രാവിലെ 5.07നായിരിക്കും പെരുന്നാൾ നമസ്കാരം നടക്കുകയെന്ന് സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി. പ്രധാന പള്ളികളിൽ പെരുന്നാൾ നമസ്കാരം നടക്കുന്നതോടൊപ്പം വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ ഒരുക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്.
വെസ്റ്റ് ഹിദ്ദ്, ഹിദ്ദിലെ ബ്ലോക്ക് 111, അറാദ് ഫോർട്ട് ഗ്രൗണ്ട്, മുഹറഖ് ഖബർസ്ഥാന് സമീപമുള്ള ഗ്രൗണ്ട്, ബുസൈതീനിലെ സായ ഏരിയ, സൽമാനിയ ഈദ് ഗാഹ് ഗ്രൗണ്ട്, നോർത് റിഫ, ഹാജിയാത്, അസ്കർ, ഹൂറത് സനദ്, ന്യൂ ഇസ്കാൻ റംലി, ഹമദ് ടൗൺ രണ്ടാം റൗണ്ട് എബൗട്ട്, റൗണ്ട് എബൗട്ട് 17ലെ ഹമദ് കാനൂ ഹെൽത് സെന്ററിന് സമീപം, ബുദയ്യ, സൽമാൻ സിറ്റി എന്നിവിടങ്ങളിലാണ് ഈദ് ഗാഹുകൾ നടക്കുക. കൂടാതെ പ്രവാസി സമൂഹത്തിനായി 11 ഈദ് ഗാഹുകളും സംഘടിപ്പിക്കുന്നുണ്ട്.
എല്ലാ ഈദ് ഗാഹുകളിലേക്കും ആവശ്യമായ കാർപറ്റ്, വെള്ളം തുടങ്ങിയ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഈദ് ഗാഹുകൾ നടത്തുന്നതിനാവശ്യമായ സഹായ സഹകരണങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന മുനിസിപ്പൽ, കാർഷിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, വൈദ്യുതി-ജല അതോറിറ്റി, പാർപ്പിട, നഗരാസൂത്രണ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ഡോ. റാശിദ് ബിൻ ഫതീസ് അൽ ഹാജിരി ഈദിന്റെ സന്തോഷം നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.