മനാമ: നാട്ടിലെ ഏതാണ്ടെല്ലാ വിളകളും ബഹ്റൈനിലെ മണ്ണിൽ തഴച്ചുവളരുമെങ്കിലും മരച്ചീനി ഇവിടെ അപൂർവമാണ്. എന്നാൽ സ്വന്തം വീട്ടുമുറ്റത്ത് മരച്ചീനി നട്ട് മികച്ച വിളവ് നേടിയിരിക്കുയാണ് പ്രമുഖ വ്യവസായിയും നാഷനൽ ഫയർ ആൻഡ് സേഫ്റ്റി എം.ഡിയുമായ വി.കെ. രാജശേഖരൻ പിള്ള. ആലപ്പുഴ മാന്നാർ സ്വദേശിയായ അദ്ദേഹം നാട്ടിലെ സ്വന്തം പുരയിടത്തിൽനിന്നാണ് നല്ലയിനം കപ്പക്കമ്പുകൾ കൊണ്ടുവന്നത്. നടുമ്പോൾ എത്ര വളരും എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. പക്ഷേ മരച്ചീനി തഴച്ചുവളരുകതന്നെ ചെയ്തു.
ആറ്മാസം കഴിഞ്ഞപ്പോൾ വിളവെടുത്തു. ആരെയും അത്ഭുതപ്പെടുത്തുന്ന മികച്ച വിളവ്. മാവും പ്ലാവും പപ്പായയും മുരിങ്ങയും എന്നുവേണ്ട നാട്ടിലെ ഏതാണ്ടെല്ലാ വിളകളും രാജശേഖരൻ പിള്ളയുടെ അദിലിയയിലെ വീട്ടുവളപ്പിലുണ്ട്. മാത്രമല്ല കറിവേപ്പ്, പുതിന, മല്ലിയില എന്നിവയും കൃഷി ചെയ്യുന്നു. വീട്ടിലേക്ക് പച്ചക്കറി പുറത്തുനിന്ന് വല്ലപ്പോഴുമേ വാങ്ങാറുള്ളൂ.
കുലകുലയായി കായ്ച്ച് കിടക്കുന്ന മാവ് നാടിന്റെ സ്മരണയുണർത്തുന്നതാണ്. മികച്ച രുചിയും മധുരവുമുള്ള മാമ്പഴം വിളവെടുപ്പ് സീസണിൽ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്കും സുഹൃത്തുക്കൾക്കും നൽകാറുണ്ട്. ഒഴിവ് സമയം അൽപനേരം മനസ്സിനെ കുളിർപ്പിക്കാൻ കൃഷി സഹായിക്കും. മലയാളികൾക്ക് ഗൃഹാതുരതയുടെ പ്രതീകമായ മരച്ചീനി വിജയകരമായി കൃഷി ചെയ്യാൻ സാധിച്ചു എന്നത് പലർക്കും പ്രേരണയാകും എന്ന് പ്രവാസി സമ്മാൻ ജേതാവ് കൂടിയായ രാജശേഖരൻ പിള്ള പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.