മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഹംഗറി പ്രസിഡന്റ് കാതലിൻ നൊവാക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളും ഒപ്പുവെച്ചു. സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതും ജനങ്ങൾക്ക് മികച്ച അവസരം സൃഷ്ടിക്കുന്നതുമാണ് കരാറുകൾ. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയുടെ ഭാഗമായി ഹംഗറി പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണം നൽകി.
ഹംഗറിയും ബഹ്റൈനും തമ്മിലുള്ള ശക്തമായ സഹകരണവും ഉഭയകക്ഷി ബന്ധവും ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഉയർന്നുവന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ നടത്തുന്ന ഉദ്യമങ്ങൾ പരിഗണിച്ച് ‘ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ-ഫസ്റ്റ് ക്ലാസ്’ പദവി ഹമദ് രാജാവ് ഹംഗറി പ്രസിഡന്റിന് സമ്മാനിച്ചു. വിദേശ രാഷ്ട്രത്തലവന്മാർക്ക് നൽകുന്ന ഹംഗറിയുടെ ഉന്നത പുരസ്കാരം പ്രസിഡന്റ് ഹമദ് രാജാവിനും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.