മനാമ: മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ കണ്ണീരൊപ്പുക എന്ന മഹത്തായ ലക്ഷ്യവുമായി പിറവിയെടുത്ത ലവ് ഷോർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനം ഇന്ന് അതിജീവനത്തിനായി പ്രയാസപ്പെടുകയാണ്. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് പന്നിക്കോടാണ് എം.എം. ഫൗണ്ടേഷന്റെ കീഴിൽ 2001ൽ സ്ഥാപനം ആരംഭിച്ചത്.
ഇന്ന് പന്നിക്കോടിനു പുറമെ മലപ്പുറം ജില്ലയിലെ എടവണ്ണക്കടുത്ത ഒതായി, കൊണ്ടോട്ടി വാഴക്കാട്, വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. ഇവിടെയെല്ലാമായി 600 കുരുന്നുകളെയാണ് സ്ഥാപനം പരിപാലിക്കുന്നത്. പന്നിക്കോട് ഉച്ചക്കാവിൽ യു. മുഹമ്മദ് ഹാജിയാണ് സ്ഥാപനത്തിന്റെ സ്ഥാപകൻ.
തന്റെ വീട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുമായി സഹായത്തിനെത്തിയ മാതാവിന്റെ കണ്ണുനീരാണ് ഇത്തരമൊരു സ്ഥാപനം തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
തളർവാതം പിടിപെട്ട ഭർത്താവും മാനസികവെല്ലുവിളിയുള്ള കുഞ്ഞുമായി കഷ്ടപ്പെടുകയായിരുന്നു ആ സ്ത്രീ. ജോലിക്കുപോകാൻ സന്നദ്ധയാണെങ്കിലും കുഞ്ഞിനെ നോക്കേണ്ടതുണ്ടായിരുന്നതിനാൽ അവർക്ക് കഴിഞ്ഞിരുന്നില്ല.
കുഞ്ഞിനെ പകൽ സമയത്ത് നോക്കാൻ സ്വന്തം വീട്ടിൽ സൗകര്യമൊരുക്കിയപ്പോൾ ഇത് കേട്ടറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും രക്ഷിതാക്കൾ എത്തി. അങ്ങനെ അവർക്കായി സ്വന്തം വീട് വിട്ടുകൊടുത്ത ഹാജി സുമനസ്സുകളുടെ സഹായത്തോടെയാണ് സ്ഥാപനം മുന്നോട്ടുകൊണ്ടുപോയത്.
പിന്നീട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഉപദേശപ്രകാരം ട്രസ്റ്റ് രൂപവത്കരിച്ച് പ്രവർത്തനം നിയമാനുസൃതമാക്കി.
സർക്കാറിൽനിന്ന് ലഭിക്കുന്ന പരിമിതമായ ഗ്രാന്റും സുമനസ്സുകളുടെ സഹായവുമായി മുന്നോട്ടുപോയി. പിന്നീട് രക്ഷിതാക്കളുടെ അഭ്യർഥന പ്രകാരം മലപ്പുറത്തും വയനാട്ടിലും കേന്ദ്രങ്ങൾ തുടങ്ങി.
കുട്ടികൾക്ക് കൗൺസലിങ്ങും വൈദ്യസഹായവും മറ്റ് പരിശീലനവും നൽകാനായി സേവനസന്നദ്ധരായ വളന്റിയർമാരും ജീവനക്കാരുമുണ്ട്.
വീട്ടിൽനിന്ന് രാവിലെ കുട്ടികളെ വാഹനത്തിൽ സ്ഥാപനത്തിലെത്തിക്കുകയും വൈകുന്നേരം തിരികെ വീട്ടിൽ കൊണ്ടുപോയി വിടുകയും ചെയ്യുന്നു. സ്ഥാപനത്തിലേക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത കുട്ടികളെ പരിചരിക്കാനായി ഹോംകെയർ യൂനിറ്റും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
യു. മുഹമ്മദ് ഹാജിയുടെ മകനായ യു. എ മുനീറാണ് ഇപ്പോൾ ലവ് ഷോർ ജനറൽ സെക്രട്ടറി. യു. അബ്ദുല്ല ഫാറൂഖിയാണ് ചെയർമാൻ. യു.എ മുനീറും ട്രഷററായ അസീസ് കോറോം വയനാടും സ്ഥാപനത്തിന്റെ ആവശ്യകതകളുമായി ബന്ധപ്പെട്ട് ഇപ്പോൾ ബഹ്റൈനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.