മനാമ: നാട്ടിലേക്കു മടങ്ങാനാകാതെ വർഷങ്ങളായി പ്രയാസപ്പെട്ട തമിഴ് കുടുംബം സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ യാത്രതിരിച്ചു. ബാബു പാണ്ട്യനും കുടുംബവുമാണ് ചെന്നൈയിലേക്കു തിരിച്ചത്. കുറെ കാലങ്ങളായി യാത്രാവിലക്ക് അടക്കം നിരവധി നിയമക്കുരുക്കിൽപെട്ടു കഴിയുകയായിരുന്നു കുടുബം. വരുമാനമാർഗമായിരുന്ന റസ്റ്റാറന്റ് നിയമപ്രശ്നങ്ങളെത്തുടർന്ന് അടയ്ക്കേണ്ടിവന്നതോടെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടി. കുട്ടികളുടെ സ്കൂൾ ഫീസ് അടക്കാനും കഴിഞ്ഞില്ല. ഓട്ടിസം ബാധിച്ച ഇളയ കുട്ടിയുടെ ചികിത്സയും അവതാളത്തിലായി.
പ്രവാസി ലീഗൽ സെല്ലിന്റെ കൺട്രി ഹെഡ് സുധീർ തിരുനിലത്തടക്കമുള്ള സാമൂഹികപ്രവർത്തകർ ഇടപെട്ടു. ഇന്ത്യൻ സ്കൂൾ അധികൃതർ ഫീസ് ഇളവ് ചെയ്തു. ഇന്ത്യൻ എംബസിയുടെയും പ്രവാസി ലീഗൽ സെൽ കൺട്രി കോഓഡിനേറ്റർ അമൽദേവ് എന്നിവരുടെ ഇടപെടലുകളിലൂടെ നിരവധി സുമനസ്സുകൾ സഹായം നൽകി. എംബസിയും അണ്ണൈ തമിൾ മൻട്രം, എം.ഡി.പി.സി, തെലുഗു കല സമിതി എന്നീ സംഘടനകളും ചേർന്ന് വിമാന ടിക്കറ്റുകൾ നൽകി.ബഹ്റൈൻ എമിഗ്രേഷൻ അതോറിറ്റിക്കും എംബസി അധികൃതർക്കും കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് സഹായിച്ച സൽമാനിയ ഹോസ്പിറ്റൽ ഭാരവാഹികൾക്കും പ്രവാസി ലീഗൽ സെൽ നന്ദി അറിയിച്ചു.
നാട്ടിലെത്തിയശേഷം കുട്ടികളുടെ വിദ്യാഭ്യാസത്തിനും തുടർചികിത്സക്കും സൗകര്യം ചെയ്തു കൊടുക്കുമെന്നും സുധീർ തിരുനിലത്ത് അറിയിച്ചു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, രവിശങ്കർ ശുക്ല, സെക്കൻഡ് സെക്രട്ടറി വികാസ്, സുരൻ ലാൽ, നയീഫ് അൽ ഷെറൂഖി, ആദൽ അൽ മഹ്ദി, അബ്ബാസ്, ഇമിഗ്രേഷനിലെ നിസാർ, സെന്തിൽ, ഹരിബാബു, പി.എൽ.സി ടീം, ഇവോൺ ഭാസ്കർ, അണ്ണൈ തമിൾ മൻട്രം, തെലുഗു കലാ സമിതി, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി, സൽമാനിയ ഹോസ്പിറ്റൽ ഭാരവാഹികൾ എന്നിവർക്ക് പ്രവാസി ലീഗൽ സെൽ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.