മനാമ: യമൻ-സൗദി അതിർത്തിയിൽ അറബ് സഖ്യസേനയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനിടെ ഡ്രോൺ ആക്രമണത്തിൽ രണ്ടു ബഹ്റൈൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. വിവിധ ലോകരാജ്യങ്ങൾ സംഭവത്തെ അപലപിക്കുകയും ബഹ്റൈന് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായാണ് അറബ് സഖ്യസേന രൂപവത്കരിച്ചിരുന്നത്. മുബാറക് ഹാഷിൽ സായിദ് അൽ കുബൈസി, യഅ്ഖൂബ് റഹ്മത്ത് മൗലായ് മുഹമ്മദ് എന്നീ സൈനികരാണ് ഹൂതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ബഹ്റൈൻ റോയൽ എയർഫോഴ്സ് വിമാനത്തിൽ ഈസ എയർബേസിലെത്തിച്ച ഇരുവരുടെയും മൃതദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ഹമദ് രാജാവിന്റെ സൈനിക ഓഫിസ് ചീഫ് ശൈഖ് അബ്ദുല്ല ബിൻ സൽമാൻ ആൽ ഖലീഫ, പ്രതിരോധ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നുഐമി തുടങ്ങിയ ഉയർന്ന വ്യക്തിത്വങ്ങളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഏറ്റുവാങ്ങി. ഇരുവരുടെയും വേർപാടിൽ ബി.ഡി.എഫ് സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങൾക്കും ബന്ധുജനങ്ങൾക്കും ബി.ഡി.എഫിലെ മുഴുവൻ സൈനികർക്കും അനുശോചനം നേരുകയും സംഭവത്തിൽ പരിക്കേറ്റവർക്ക് ദ്രുതശമനം നേരുകയും ചെയ്തു. അവരുടെ രക്തസാക്ഷിത്വം സർവേശ്വരൻ സ്വീകരിക്കുകയും സ്വർഗത്തിൽ ഉന്നത പദവി നൽകട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു. യമനിൽ വെടി നിർത്തിയതിനു ശേഷമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നത് ഗൗരവം വർധിപ്പിക്കുന്നതായും കമാൻഡർ ഇൻ ചീഫ് വ്യക്തമാക്കി. സംഭവത്തിൽ അനുശോചനവും ബഹ്റൈന് ഐക്യദാർഢ്യവും പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും രംഗത്തെത്തി. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, കുവൈത്ത്, ഖത്തർ, യമൻ, ഈജിപ്ത്, മൊറോക്കോ, ജോർഡൻ എന്നീ രാജ്യങ്ങളും അമേരിക്കൻ അഞ്ചാം കപ്പൽ പട, യമനിൽ സമാധാനത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അറബ് സഖ്യസേന എന്നിവയും അനുശോചനമറിയിച്ചു.
ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദ്യവിയും സംഭവത്തിൽ അനുശോചനം നേരുകയും ബഹ്റൈൻ ഭരണാധികാരികൾക്കും ജനതക്കും ബി.ഡി.എഫിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഹൂതി തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷിത്വം വൃഥാവിലാവില്ലെന്ന് പ്രതീക്ഷിക്കുന്നതായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് അയച്ച അനുശോചന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെയെന്ന് ആശംസിക്കുകയും പരിക്കേറ്റവർക്ക് ദ്രുതമശനം നേരുകയും ചെയ്തു. ബഹ്റൈനിലെ യു.എസ് എംബസി, ബ്രിട്ടീഷ് എംബസി, ശൂറ കൗൺസിൽ അധ്യക്ഷൻ അലി സാലിഹ് അസ്സാലിഹ്, പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, അറബ് പാർലമെന്റ് അധ്യക്ഷൻ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽ അസൂമി എന്നിവരും ദുഃഖകരമായ സംഭവത്തിൽ നടുക്കവും ഖേദവും പ്രകടിപ്പിക്കുകയും ഭരണാധികാരികളെ അനുശോചനം അറിയിക്കുകയും ചെയ്തു.
മനാമ: സൗദി-യമൻ അതിർത്തിയിൽ സൈനിക സേവനത്തിലേർപ്പെട്ടിരുന്ന ബി.ഡി.എഫ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ഭരണാധികാരികൾ പരസ്പരം അനുശോചനം നേരുകയും രക്തസാക്ഷികളുടെ കുടുംബങ്ങൾക്കും ബന്ധുജനങ്ങൾക്കും ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ബി.ഡി.എഫ് സൈനികർ തുടങ്ങിയവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. രക്തസാക്ഷിത്വം വെറുതെയാവില്ലെന്നും രാജ്യത്തിന് അഭിമാനകരമായ സൈനികരാണ് അവരെന്നും ഭരണാധികാരികൾ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.