മനാമ: അണ്ടർ 21 പുരുഷന്മാരുടെ ലോക വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ലോക റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള കരുത്തരായ പോളണ്ടിനോടാണ് ഇന്ത്യ പൊരുതിത്തോറ്റത്. 18-25, 14-25, 25-20, 19-25 ആണ് സ്കോർ. രണ്ടു സെറ്റുകളിൽ പരാജയപ്പെട്ടതിനുശേഷം മൂന്നാമത്തെ സെറ്റിൽ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാൽ, ഉണർന്നുകളിച്ച പോളണ്ട് നാലാമത്തെ സെറ്റ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ മികച്ച പോരാട്ടം കാഴ്ചവെച്ചു. നായകൻ കൂടിയായ ബ്ലോക്കർ ദുഷ്യന്ത് സിങ്ങും സെറ്റർ സമീറും മികച്ച പ്രകടനമാണ് നടത്തിയത്. ആക്രമണത്തിലും ജംപ് സർവിസിലും അമൻ മികവുകാട്ടി. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഇന്ത്യ ബൾഗേറിയയെ നേരിടും.
പോളണ്ട്, ബൾഗേറിയ, കാനഡ എന്നിവരടങ്ങുന്ന പൂൾ ‘സി’യിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഇസ ടൗൺ ബഹ്റൈൻ വോളിബാൾ ക്ലബിലാണ് മത്സരങ്ങൾ. ചാമ്പ്യൻഷിപ്പിൽ ഇന്ത്യ യോഗ്യത നേടുന്നത് 22 വർഷത്തിനു ശേഷമാണ്. 16 രാഷ്ട്രങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇത് നാലാം തവണയാണ് ബഹ്റൈൻ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 16നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.