മനാമ: വിജയദശമി ദിവസം പുലർച്ച അഞ്ചു മുതൽ എസ്.എൻ.സി.എസ് ഗുരുസന്നിധിയിൽ, പ്രശസ്ത കവിയും ഗാനരചയിതാവും വയലാർ രാമവർമയുടെ മകനുമായ വയലാർ ശരത്ചന്ദ്രവർമ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. എസ്.എൻ.സി.എസ് ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും സ്വന്തം മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ 31 കുട്ടികളാണ് ആദ്യക്ഷരം കുറിച്ചത്.
വിദ്യാർഥികളും മുതിർന്നവരും അടങ്ങുന്ന നിരവധി പേർ, ‘പുനരെഴുത്തിന്റെ’ ഭാഗമായി പ്രിയകവിയുടെ സാന്നിധ്യത്തിൽ അരിമണിയിൽ അക്ഷരങ്ങൾ എഴുതി. നൃത്താധ്യാപിക സുജ സുരേന്ദ്രൻ, പുതുതായി നൃത്തം അഭ്യസിക്കാൻ എത്തിയ കുട്ടികൾക്ക് നാട്യശാസ്ത്രത്തിന്റെ ബാലപാഠം പകർന്ന് നൃത്താധ്യാപനത്തിന് തുടക്കം കുറച്ചു. ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് (ഗുരു: രമ്യ ഹരി), ഹിന്ദുസ്ഥാനി മ്യൂസിക് ലൈറ്റ് മ്യൂസിക് & ഫിലിം സോങ്സ് (ഗുരു: വിജിത ശ്രീജിത്ത്), തബല, മൃദംഗം: (ഗുരു: ഇഖ്ബാൽ കൊയിലാണ്ടി), കീ ബോർഡ് (ഗുരു: മനോജ് വടകര), മാർഷൽ ആർട്സ് (ഗുരു: സെൻസായ് അനോജ്) എന്നിവരുടെ ക്ലാസുകളിലേക്ക് രജിസ്റ്റർ ചെയ്യുന്നതിന് എസ്.എൻ.സി.എസുമായി ബന്ധപ്പെടുക (39824914/39040964/36674139). അദാരി പാർക്ക് ന്യൂ സീസൺ ഹാളിൽ നടന്ന, ‘ട്രിബ്യൂട്ട് ടു വയലാർ’ പരിപാടിയിൽ, ശ്യാം രാമചന്ദ്രൻ സംവിധാനം ചെയ്ത ‘ഈ മനോഹര തീരത്ത്’ എന്ന നൂതന പരിപാടിയും സാംസ്കാരിക സമ്മേളനവും നടന്നു.
വയലാർ ശരത്ചന്ദ്രവർമയുടെ സാന്നിധ്യത്തിൽ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം മുഖ്യാതിഥിയായും ട്രീ ഓഫ് ലൈഫ് ചാരിറ്റി ഹെഡ് ഖലീൽ ദലാമി (ബാബ ഖലീൽ) വിശിഷ്ടാതിഥിയായും പങ്കെടുത്തു. വിജയദശമി നാളിൽ വൈകീട്ട് വയലാർ ശരത്ചന്ദ്രവർമയുമായി മുൻ ജനറൽ സെക്രട്ടറി രാജേഷ് ദിവാകരൻ നടത്തിയ മുഖാമുഖത്തിൽ വയലാർ എന്ന അനശ്വര കവിയുടെ കാവ്യജീവിതത്തിലെയും കുടുംബജീവിതത്തിലെയും അസുലഭ നിമിഷങ്ങളെ അനാവരണം ചെയ്തു.
പുരാണേതിഹാസങ്ങളിലൂടെയും വർത്തമാനകാല സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും സരസമധുരമായി വയലാർ ശരത്ചന്ദ്രവർമ സംസാരിച്ചു. പരിപാടി വിജയിപ്പിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി ചെയർമാൻ സുനിൽ സുശീലൻ, ജനറൽ സെക്രട്ടറി വി.ആർ. സജീവൻ, കോഡിനേറ്റർ ജയേഷ് വി.കെ, ഇവന്റ് മാനേജർ സുരേഷ് കരുണാകരൻ, കൺവീനർ ബിജു പി.സി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.