മനാമ: ബഹ്റൈൻ വിശ്വകലാ സാംസ്കാരിക വേദി 20ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വിശ്വകലാ ഇൻഡോ ബഹ്റൈൻ എന്റർടെയ്ൻമെന്റ് ഫെസ്റ്റിവൽ ഇന്ന് നടക്കും. ഗൾഫ് എയർ ക്ലബിൽ വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈനിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക മേഖലയിൽനിന്നുമുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം, മലയാള ചലച്ചിത്ര പിന്നണി ഗായകരായ കണ്ണൂർ ഷരീഫ്, സുമി അരവിന്ദ്, യുവ ഗായിക അതിയ ഷീജു എന്നിവർ ഒരുക്കുന്ന ഗാനമേള, നാടൻപാട്ട് കലാകാരൻ സുരേഷ് പള്ളിക്കര, സിനിമ സീരിയൽ താരം ശ്രീലയ റോബിൻ, കഥക് ഡാൻസർ ഖലീൽ ആസ്വർ എന്നിവരുടെ പെർഫോമൻസുകളോടൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാരും സ്വദേശികളായ ബഹ്റൈൻ കലാകാരന്മാരും നടത്തുന്ന കലാവിരുന്നും വൈബ് ഫെസ്റ്റിൽ ഒരുങ്ങുന്നു. ബഹ്റൈൻ മീഡിയ സിറ്റിയാണ് പരിപാടിയുടെ ഇവന്റ് മാനേജർ. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നുവെന്നും പ്രവേശനം സൗജന്യമാണെന്നും പ്രസിഡന്റ് സുരേഷ് സി.എസ്, ജനറൽ സെക്രട്ടറി ത്രിവിക്രമൻ പാടിയത്ത്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാൻ സതീഷ് മൂതലയിൽ, പ്രോഗ്രാം ഡയറക്ടർ മനോജ് പില്ലിക്കോട് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.