മനാമ: വോളിബാൾ എന്ന കായികവിനോദത്തെ നെഞ്ചേറ്റിയ ഒരു കൂട്ടം പ്രവാസി സുഹൃത്തുക്കളുണ്ടിവിടെ. കഴിഞ്ഞ 15 വർഷത്തിലേറെയായി നിത്യവും ആൻഡലസ് ഗാർഡനിലെ കളിമുറ്റത്ത് വോളി ആരവം തീർക്കുന്ന ഒരുപറ്റം വോളിസ്നേഹികൾ. തിരക്കിട്ട പ്രവാസജീവിതത്തിലും കൈപന്തു കളിയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയവർ. പൊള്ളുന്ന പ്രവാസജീവിതത്തിനിടയിൽ അന്യംനിന്നുപോയ വോളി ആവേശം ആൻഡലസ് വോളി ക്ലബിലൂടെ തിരിച്ചു പിടിക്കുകയാണിവർ.
എട്ടടി പൊക്കത്തിൽ വലിച്ചുകെട്ടിയ നെറ്റിനു മുകളിലൂടെ, കാറ്റുനിറച്ച തുകൽപന്തിനെ എതിർകോർട്ടിൽ തലങ്ങും വിലങ്ങും പായിക്കുന്ന സ്മാഷുകളുടെ ആരവത്തോടെയാണ് ആൻഡലസിലെ ഓരോ പ്രഭാതവും തുടങ്ങുന്നത്. അതിരാവിലെ 5.30ന് തുടങ്ങി 7.30 വരെ തുടരുന്നു ഇവരുടെ വോളിബാൾ ആവേശം. അതിനുശേഷം കളിക്കാർ കൊണ്ടുവരുന്ന ചായയും സ്നാക്സും കഴിച്ച് ആൻഡലസ് ഗാർഡനിലെ പുൽത്തകിടിൽ ഇരുന്ന് ചില്ലറ വർത്തമാനങ്ങൾ പറഞ്ഞ് ജോലിത്തിരക്കിലേക്കു മടങ്ങും.
ഏകദേശം 45ഓളം വരുന്ന കളിക്കാർ ജാതി, മത, ദേശ, ഭാഷ, രാഷ്ട്രീയ അതിർവരമ്പുകൾ ഒന്നുമില്ലാതെ വോളിബാൾ എന്ന കായിക ഇനത്തെ നെഞ്ചിലേറ്റുന്ന കാഴ്ച ഇവിടെ കാണാം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്കുവേണ്ടിയും യൂനിവേഴ്സിറ്റി തലത്തിലും സംസ്ഥാന യൂത്ത് ടീം തലത്തിലും കളിച്ചുവന്ന പ്രതിഭാശാലികളായ നിരവധി കളിക്കാരും 1990കളിൽ മലബാറിലെ വിവിധ ടൂർണമെന്റുകളിൽ നിറ സാന്നിധ്യമായിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. അവരോടൊപ്പം സ്വദേശികളായ പത്തോളം കളിക്കാരും ഈ വോളിബാൾ കൂട്ടായ്മയുടെ ഭാഗമാകുന്നു.
‘ശ്രീനിവാസ് പുട്ട് റസ്റ്റാറന്റ്’ മുഖ്യ സ്പോൺസറായ ‘ആൻഡലസ് വോളി സ്പൈക്കേഴ്സ്’ ബഹ്റൈനിലെ വിവിധ ക്ലബുകൾ നടത്തുന്ന പ്രമുഖ ടൂർണമെന്റുകളിൽ ഇതിനോടകം തന്നെ തങ്ങളുടേതായ മേൽവിലാസം അടയാളപ്പെടുത്തിയിട്ടുണ്ട്. 2016ലെ പ്രവാസി വോളി ടൂർണമെന്റ് കിരീടവും 2018ലെ ഇന്ത്യൻ സ്കൂൾ വോളി കിരീടവും ഇക്കൂട്ടത്തിൽ തിളങ്ങിനിൽക്കുന്നു. കൂടാതെ, എല്ലാ വർഷവും ബഹ്റൈൻ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്റേണൽ ടൂർണമെന്റും നടത്തുന്നുണ്ട്. വോളിബാളിൽ പുതിയ പ്രതിഭകളെ കണ്ടെത്താൻ, പ്രമുഖരെ അണിനിരത്തി സമീപ ഭാവിയിൽതന്നെ ഒരു കോച്ചിങ് ക്യാമ്പ് നടത്താൻ ഇവർക്ക് ആലോചനയുണ്ട്.
കളിയാവേശങ്ങൾക്കപ്പുറം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നന്മനിറഞ്ഞ ഈ മനസ്സുകളുടെ കൂട്ടായ്മ നേതൃത്വം നൽകുന്നു. അബ്ദുല്ല കുന്നോത്ത്, പ്രദീപ് മതിലകം, അസീസ് മേക്കുടി, മനു ദർമൽ, മഹേഷ് ദേവ്ജി, ഫൈസൽ അദ്നാൻ, ജിസ് ജോർജ് എന്നിവരാണ് ഈ വോളി കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.