മനാമ: ബുഹൈർ വാലിയിൽ കെട്ടിക്കിടക്കുന്ന വെള്ളം ടുബ്ലിയിലെ കണ്ടൽക്കാടുകളിലേക്ക് എത്തിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. നാല് കിലോമീറ്റർ നീളമുള്ള ഡ്രെയിനേജ് പൈപ്പ് വഴിയാണ് ഭൂമിക്കടിയിലൂടെ വെള്ളം കൊണ്ടുപോകുന്നത്. വർഷങ്ങളായി ബുഹൈർ വാലിയിലെ വലിയ പ്രശ്നമായിരുന്നു കെട്ടിക്കിടക്കുന്ന വെള്ളം. കൊതുകുകളുടെ പ്രജനന കേന്ദ്രമായിരുന്ന ഇവിടം പരിസരവാസികളുടെ ഉറക്കംകെടുത്തിയിരുന്നു. താമസക്കാരടക്കം നിരവധി പരാതികൾ സമർപ്പിച്ചിരുന്നു.
തുടർന്നാണ് ഭൂമിക്കടിയിലൂടെ പൈപ്പ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ടുബ്ലിയിലേക്ക് ഒഴുക്കുന്നതിനുമുമ്പ് വെള്ളം ഒരു കുളത്തിൽ ശേഖരിക്കും. അതിനുശേഷമായിരിക്കും കണ്ടൽക്കാടുകൾക്കിടയിലേക്ക് ഒഴുക്കിവിടുക.
ഉദ്ഘാടന ചടങ്ങിൽ സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാനും ഏരിയ കൗൺസിലറുമായ അബ്ദുല്ല അബ്ദുല്ലത്തീഫ്, കൗൺസിലർമാർ, വർക്ക്സ് മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 87 ആഴ്ചകളെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്. ഹൈവേ, വീടുകൾ, മറ്റ് കമ്യൂണിറ്റി, വാണിജ്യ സൗകര്യങ്ങൾ എന്നിവക്കുകീഴിൽ കുഴിയെടുക്കുന്നത് അത്ര ലളിതമല്ലായിരുന്നു.
താഴ്വരയിൽ അടിഞ്ഞുകൂടിയിരുന്ന ജലം ടുബ്ലി ഉൾക്കടലിലെ കണ്ടൽക്കാടുകളിലേക്ക് മാറുമെന്നതിനാൽ ഫലം മികച്ചതാണെന്ന് അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു. ബുഹൈർ താഴ്വരയെ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അതിവേഗ നടപടികൾ സ്വീകരിക്കണമെന്നും അബ്ദുല്ലത്തീഫ് ആവശ്യപ്പെട്ടു.
സംരക്ഷിത പ്രദേശങ്ങൾ മാപ്പ് ചെയ്യുക, വിദൂര നിരീക്ഷണ കാമറകൾ സ്ഥാപിക്കുക, ചരിത്രപരമായ പുരാവസ്തു കേന്ദ്രം അതിക്രമിച്ച് കയറുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് ആളുകളെ തടയുന്നതിന് അവക്ക് വേലി കെട്ടുക എന്നിവ ചെയ്യേണ്ടതുണ്ട്. സോൺ സംരക്ഷിക്കുന്നതിന് മന്ത്രിതല നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി പക്ഷികളുടേയും മൃഗങ്ങളുടേയും ആവാസസ്ഥലം കൂടിയാണ് താഴ്വര. താഴ്വരയിൽ 45 ദശലക്ഷം വർഷം പ്രായമുള്ള ഫോസിലുകൾ കണ്ടെടുത്തിരുന്നതായി പുരാവസ്തു ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.