മനാമ: വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കണ്ണീർ വാർക്കുകയാണ് പ്രവാസഭൂമിയും. വയനാട്ടിൽനിന്നുള്ള നിരവധി പ്രവാസികൾ ബഹ്റൈനിലുണ്ട്. മരണസംഖ്യ ഉയരുന്നതും അപകടത്തിന്റെ ഭീതിതമായ കാഴ്ചകളും പ്രവാസികൾ വേദനയോടെയാണ് ഉൾക്കൊണ്ടത്. സുഹൃത്തുക്കളെയും നാട്ടുകാരെയും വിളിച്ച് ഉടനടി കാര്യങ്ങൾ അറിഞ്ഞാണ് ആശ്വാസം കൊണ്ടത്. ബന്ധുക്കളും സുഹൃത്തുക്കളും എറെ ഉള്ളതിനാൽ വയനാടിന് പുറത്തുള്ളവരും ആശങ്കയിലായിരുന്നു.
വയനാടിന്റെ ദുരന്തത്തിനൊപ്പം കേരളത്തിൽ മഴ ശക്തമായതും പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി. പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും വീടുള്ളവർ ആശങ്കയോടെയാണ് ഓരോ വാർത്തകളും ശ്രദ്ധിച്ചത്. പലയിടങ്ങളിലും വെള്ളം ഉയർന്നുവരുന്നതും വീടുകളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകുന്നതുമായ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ നിറയുമ്പോൾ നിസ്സഹായരായി കണ്ണീർതുടക്കാനേ പ്രവാസികൾക്കായുള്ളൂ. നിരവധി പ്രവാസി സംഘടനകൾ ദുരന്തത്തിൽ അനുശോചിച്ചു. അനുശോചന യോഗങ്ങളും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്നു.
മനാമ: വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ആളുകളുടെ വിയോഗത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി.ആശുപത്രിയിൽ ചികിത്സയിലുള്ളവർ വേഗം രോഗമുക്തരായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കട്ടെ എന്ന് ദേശീയ കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. ദുരന്തം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയും ബഹ്റൈൻ ദേശീയ കമ്മിറ്റിയും സജീവമായ പ്രവർത്തനവുമായി മുന്നോട്ടു പോകും. എല്ലാം നഷ്ടപ്പെട്ട ആളുകൾക്കുവേണ്ടി കഴിയുന്ന എല്ലാ സഹായവും ഒ.ഐ.സി.സി ചെയ്തുകൊടുക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
മനാമ: വയനാട് ജില്ലയിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും സംഭവിച്ച പ്രകൃതി ദുരന്തത്തിൽ വേദനാജനകമായ സംഭവവികാസങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി കെ.എം.സി.സി ബഹ്റൈൻ അറിയിച്ചു ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര, ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപ്പമംഗലം എന്നിവർ അറിയിച്ചു. ദുരന്ത ഭൂമിയിൽ സഹായഹസ്തവുമായി രംഗത്തിറങ്ങിയ മുഴുവൻ ജനവിഭാഗങ്ങളെയും അഭിനന്ദിക്കുന്നു.
ദുരന്തഭൂമിയിൽ അകപ്പെട്ട വയനാട് ജില്ലയുടെ പ്രദേശങ്ങളെ പ്രത്യേകമായും വിലയിരുത്തുവാനായി കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയും വയനാട് ജില്ലാ കമ്മിറ്റി സംയുക്തമായി യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തഭൂമിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃ സംഘടനയുടെ നിർദേശങ്ങൾക്കനുസരിച്ച് ബഹ്റൈനിലെ മുഴുവൻ ജനവിഭാഗങ്ങളെയും ഏകോപിപ്പിച്ചു മുന്നോട്ടുപോവാൻ സംയുക്ത യോഗം തീരുമാനിച്ചു.
മനാമ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി ആളുകള്‍ മരിക്കാനിടയായത് വേദനജനകമാണെന്ന് കൊല്ലം പ്രവാസി അസോസിയേഷൻ. ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരുടെ ദുഖത്തിൽ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടേറിയേറ്റ് കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.
വയനാട്ടിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവൻ പൊലിഞ്ഞ മുഴുവൻ സഹോദരങ്ങൾക്കും ആദരാഞ്ജലികളും അനുശോചനവും അർപ്പിക്കുന്നതായി ബഹ്റൈൻ ഒ.എൻ.സി.പി. കനത്ത മഴയിലും മണ്ണൊലിച്ചിലിലും അവിടെ ഉണ്ടായ നാശനഷ്ടങ്ങളിലും ആളുകളെ കാണാതായ സംഭവങ്ങളിലും കനത്ത ദുഃഖവും ആശങ്കയും അറിയിക്കുന്നതായും പ്രസിഡന്റ് എഫ്.എം ഫൈസൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.