അമീര്‍ അറബ് ലോകത്ത് കൂടുതല്‍ സ്വാധീനം ചെലുത്തിയ ഭരണാധികാരി

കുവൈത്ത് സിറ്റി: അറബ് മുസ്ലിം ലോകത്ത് വിവിധ മേഖലകളില്‍ ഏറെ സ്വാധീനം ചെലുത്തിയ ഭരണാധികാരികളില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന് ഒന്നാം സ്ഥാനം. 2014ല്‍ അറബ് മേഖലകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും സ്വാധീനം ചെലുത്തുകയും ചെയ്ത 10 അറബ് നേതാക്കളെ താരതമ്യം ചെയ്ത് ദാറുല്‍ അറബ് ഫൗണ്ടേഷന്‍ തയാറാക്കിയ പട്ടികയിലാണ് അമീര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 
സ്വന്തം രാജ്യത്ത് ശ്രദ്ധേയമായ പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ജനക്ഷേമകരമായ നടപടികള്‍ നടപ്പാക്കുകയും ചെയ്തതിനൊപ്പം വിദേശങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഭരണാധികാരി എന്ന നിലക്കാണ് അമീറിനെ ഈ ബഹുമതിക്കായി തെരഞ്ഞെടുത്തത്. അതോടൊപ്പം, അറബ് രാജ്യങ്ങളുടെ ക്ഷേമത്തിനായി ഏറെ പരിശ്രമിക്കുകയും ദുരിതമനുഭവിക്കുന്നവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തതുകൊണ്ടാണ് അമീറിനെ പട്ടികയില്‍ ഒന്നാംസ്ഥാനം നല്‍കി ആദരിച്ചതെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. രണ്ടാം സ്ഥാനത്ത് ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയാണ്. മുന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്, ജോര്‍ഡന്‍ ഭരണാധികാരി അബ്ദുല്ല രാജാവ്, മൊറോക്കോയിലെ മുഹമ്മദ് ആറാമന്‍, ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്, അല്‍ജീരിയന്‍ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ബൂതുഫൈലിഖ, സിറിയന്‍ ഭരണാധികാരി ബശ്ശാര്‍ അല്‍അസദ് എന്നിവരാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ അറബ് ഭരണാധികാരികള്‍. 
അറബ് രാജ്യങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയ 10 പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് നാലാം സ്ഥാനത്താണ്. യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മഖ്തൂമിനാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം. സൗദി ഉപപ്രധാനമന്ത്രിയായിരുന്ന അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ബഹ്റൈന്‍ പ്രധാനമന്ത്രി അമീര്‍ ഖലീഫ ബിന്‍ സല്‍മാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. 
ഈജിപ്ത്, മൊറോകോ, ജോര്‍ഡന്‍, ഒമാന്‍, അല്‍ജീരിയ, ലബനാന്‍ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരാണ് തുടര്‍ സ്ഥാനങ്ങളില്‍. അതേസമയം, പാര്‍ലമെന്‍ററിതലത്തില്‍ അറബ് രാജ്യങ്ങളില്‍ കൂടുതല്‍ മികവുപുലര്‍ത്തിയ സ്പീക്കര്‍മാരുടെ പട്ടികയില്‍ കുവൈത്ത് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിന് രണ്ടാം സ്ഥാനമാണ് ഫൗണ്ടേഷന്‍ നല്‍കിയത്. ജോര്‍ഡന്‍ സ്പീക്കര്‍ ആതിഫ് യൂസുഫ് അല്‍തറാവനയാണ് സ്പീക്കര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.