എന്റെ ചെറുപ്പത്തിൽ ഇപ്പോഴത്തെപ്പോലെ വിപണിയിൽ ക്രിസ്മസ് വസ്തുക്കൾ വിപുലമായിരുന്നില്ല. ഡിസംബർ മാസം ആകുമ്പോഴേ പുൽക്കൂടും ക്രിസ്മസ് ട്രീയും മറ്റും ഒരുക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടാകും. ഇതെല്ലാം ഉണ്ടാക്കലും പള്ളികാർക്കും ക്ലബുകാർക്കുമൊന്നിച്ച് കരോൾ സംഘമായി പോകലും അന്ന് വലിയ സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു.
ഡിസംബർ ആകുമ്പോൾ പള്ളികളിലും വീടുകളിലും ക്രിസ്മസ് ട്രീ ഉണ്ടാക്കുന്നതിനായി ചുള മരങ്ങളും വാളൻ പുളിയുടെ മരങ്ങളും മുറിച്ചുകൊണ്ടു വന്ന് തയാറാക്കിവെച്ചിട്ടുണ്ടാകും. മുളകളും തെങ്ങിൻ മടൽ ചീകി മുറിച്ചതും ഉപയോഗിച്ചായിരുന്നു നക്ഷത്രങ്ങളും പെട്ടിവിളക്കുകളും നിർമിച്ചിരുന്നത്.
ട്രീയിലും നക്ഷത്രങ്ങളിലും പെട്ടിവിളക്കിലും പല നിറത്തിലുള്ള വർണ പേപ്പറുകൾ കൊണ്ട് മനോഹരമായി ഒട്ടിച്ചെടുക്കും. ആ കാലത്ത് തിരുവല്ല ഓതറയിലെ വീടുകളിൽ പലയിടത്തും വൈദ്യുതി ഉണ്ടായിരുന്നില്ല. കുടുതലും വീടുകളിലും മണ്ണെണ്ണ കുപ്പിവിളക്കുകളായിരുന്നു നക്ഷത്രത്തിനുള്ളിൽ വെച്ചിരുന്നത്. ചിലപ്പോഴെല്ലാം അവ മറിഞ്ഞുവീണ് നക്ഷത്രങ്ങൾ കത്തിപ്പോകും. പിന്നെ വീണ്ടും നിർമിച്ചെടുക്കും.
ആഘോഷത്തിന് ഒരു ഓലപ്പടകവും പൂത്തിരിയും വാങ്ങാനും അന്ന് പലർക്കും കഴിയില്ലായിരുന്നു. ബന്ധുക്കളിൽ നിന്നോ കൂട്ടുകാരിൽ നിന്നോയുള്ള ഒരു ക്രിസ്തുമസ് കാർഡുമായി പോസ്റ്റ്മാൻ പടികടന്നെത്തുന്നതും അപൂർവവും വലിയ സന്തോഷമായിരുന്നു. എല്ലാ ആഘോഷങ്ങളും അന്ന് എല്ലാവരുടേതുമായിരുന്നു. അയൽക്കാരെല്ലാം ഒത്തുകൂടി സ്നേഹം പങ്കിടുന്ന സുന്ദരകാലം.
പുതിയ തലമുറകക്ക് അധ്വാനിക്കാതെ കൈവിരൽ തുമ്പിൽ എല്ലാം കിട്ടുന്ന കാലമാണിത്. ഓൺലൈൻ വ്യാപാരത്തിൽ ആരുമായി ഒരു ബന്ധങ്ങളും വേണ്ടതില്ല. പഴയ പോലെ ഒരുമിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കാനും നടത്താനും ആരും ആഗ്രഹിക്കുന്നിമില്ല. എന്നാൽ പ്രവാസലോകത്തെ കാഴ്ചകൾ വ്യത്യസ്തമാണ്. കേരളത്തിലെ ആഘോഷങ്ങളേക്കാൾ കുടുതലും പ്രവാസികൾ എല്ലാം ഒരുമിച്ച് ആഘോഷിക്കുന്നു. അങ്ങനെ ഒരുമയുടെ ആ പഴയ കാലം നമുക്കു തിരിച്ചുപിടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.