വിദേശികള്‍ക്കുള്ള വ്യക്തിഗത  വായ്പ ബാങ്കുകള്‍ നിര്‍ത്തുന്നു

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് വ്യക്തിഗത വായ്പകള്‍ നല്‍കുന്നതിന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തി. തുക പൂര്‍ണമായും രാജ്യത്തിനകത്തുതന്നെ ചെലവഴിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വായ്പ അനുവദിച്ചാല്‍ മതിയെന്നാണ് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ, പല ബാങ്കുകളും വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പടുത്തിയിരിക്കുകയാണ്.
 ഇത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി മാറി. പുതിയ നിബന്ധന പ്രകാരം രാജ്യത്തിനകത്തുതന്നെ വായ്പാ തുക ചെലവഴിക്കുമെന്നതിനുള്ള രേഖകള്‍കൂടി അപേക്ഷയോടൊപ്പം ഹാജറാക്കണമെന്നാണ് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശത്തില്‍ പറയുന്നത്. ഇത് ഹാജറാക്കാത്തവര്‍ക്ക് വായ്പ നല്‍കരുത്. എന്നാല്‍, ഇത് എങ്ങനെ ഹാജറാക്കുമെന്നതിലെ സാങ്കേതിക പ്രശ്നം പ്രയാസം സൃഷ്ടിക്കുന്നതായി ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇതുകൊണ്ടുതന്നെ മിക്ക ബാങ്കുകളും വിദേശികള്‍ക്ക് വ്യക്തിഗത വായ്പകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. വാഹനം, വീട്ടുപകരണങ്ങള്‍ തുടങ്ങിയവക്കുള്ള വായ്പകള്‍ക്കും സെയില്‍ ലെറ്റര്‍, ഇന്‍വോയിസ് എന്നിവയിലേതെങ്കിലുമൊന്ന് ഹാജരാക്കണം. 
ഉദാരമായാണ് കുവൈത്തിലെ ബാങ്കുകള്‍ വിദേശികള്‍ക്ക് വ്യക്തിഗത വായ്പകള്‍ അനുവദിച്ചിരുന്നത്. വീടുനിര്‍മാണം, ചികിത്സ, വിവാഹം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ നാട്ടിലെ ആവശ്യങ്ങള്‍ക്ക് ഇവിടെനിന്നും വായ്പയെടുത്ത് അയക്കുന്ന പ്രവാസികള്‍ നിരവധിയായിരുന്നു. നഴ്സിങ് ജോലിക്കായി നാട്ടിലെ ബാങ്കുകളില്‍നിന്ന് വായ്പ എടുത്ത പലരും  തിരിച്ചടവിനായി കുവൈത്ത് ബാങ്കുകളില്‍നിന്നുള്ള വ്യക്തിഗത വായ്പയെ ആശ്രയിച്ചിരുന്നു. ഇവിടെനിന്ന് കുറഞ്ഞ പലിശനിരക്കില്‍ വായ്പയെടുത്ത് നാട്ടിലെ പലിശ നിരക്ക് കൂടിയ ബാങ്കുകളില്‍ നിക്ഷേപിച്ച് ലാഭം കൊയ്യുന്നവരും കുറവല്ല. ഇവര്‍ക്കെല്ലാം കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്‍െറ പുതിയ നിബന്ധന തിരിച്ചടിയാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.